2026 ഒക്ടോബർ 25 ഞായർ

കൊച്ചി: ചേരാനെല്ലൂരിൽ പതിനേഴു വയസ്സുകാരൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരേ കേസെടുക്കാൻ പോലീസ് നീക്കം. പ്രായപൂർത്തിയാവാത്ത മകന് വാഹനമോടിക്കാൻ കൊടുത്തതിന്റെ പേരിലാണ് കേസെടുക്കുക.

യുവാവ് ഓടിച്ച വാഹനത്തിന്റെ ആർ.സി ഉടമ പിതാവായ ജഡ്ജിയാണ്. മകൻ വാഹനമെടുത്ത് പോയതിനെ കുറിച്ച് തനിക്കറിയില്ലെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്. ആദ്യമായാണ് മകൻ വാഹനമോടിക്കുന്നതെന്നും പിതാവ് പോലീസിനോട് പറഞ്ഞിരുന്നു.

ഞായറാഴ്ച ചേരാനല്ലൂരിൽ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയപാലകൃഷ്ണൻ. അമിതവേഗത്തിലെത്തിയ കാർ ജയപാലകൃഷ്ണൻ ഓടിച്ച സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. ജയപാലകൃഷ്ണന്റെ സ്‌കൂട്ടറിലുണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡിൽ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ചു.

വാഹനമോടിച്ച 17-കാരനെയും കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെൻസ് കാറാണ് യുവാവ് ഓടിച്ചിരുന്നത്. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ലെന്നാണ് പിടിയിലായ പതിനേഴുകാരൻ പോലീസിന് മൊഴി നൽകിയിട്ടുള്ളതെന്നാണ് വിവരം. ബിഎൻഎസ്സിലെ 281, 106 (1) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയരിക്കുന്നത്. പൊതുവഴിയിൽ ശ്രദ്ധയില്ലാതെ അലക്ഷ്യമായി വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമാക്കി എന്നിവയാണ് ഈ വകുപ്പുകൾ. ചേരാനല്ലൂർ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *