2026 ഒക്ടോബർ 27 ചൊവ്വ

കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ നടപടികൾ ശക്തമാക്കി അന്വേഷണസംഘം. കേസിന്റെ ഭാഗമായി പതിനേഴുകാരൻ്റെയും അമ്മയുടെയും മൊഴിയെടുത്തു. ആലുവയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പതിനേഴുകാരൻ്റെ പിതാവും അപകടമുണ്ടാക്കിയ കാറിൻ്റെ ആർസി ഉടമയുമായ അഡീഷണൽ ജഡ്ജിയുടെ മൊഴിയെടുക്കുന്നത് സംബന്ധിച്ച് അനുമതി ലഭിച്ചതായും അന്വേഷണസംഘം അറിയിച്ചു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറങ്ങിയിട്ടുണ്ട്. അതേസമയം കേസിൽ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷൻ സന്ദർശിച്ച നടപടിയിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജില്ലയുടെ ഭരണച്ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് അന്വേഷണം നടത്തി ഹൈക്കോടതി രജിസ്ട്രിക്ക് സമഗ്രമായ റിപ്പോർട്ട് കൈമാറിയത്.

ജഡ്ജി സ്റ്റേഷനിലെത്തിയത് ഔദ്യോഗിക ആവശ്യത്തിനല്ലെന്നും സന്ദർശനത്തിന് മുൻപ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ മുൻകൂർ അനുമതി തേടിയിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രസ്തുത റിപ്പോർട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണനിർവഹണ സമിതി വിശദമായി പരിശോധിക്കും. വീഴ്ച വരുത്തിയ ജില്ലാ ജഡ്ജിയെ സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് സമിതി ഉടൻ കടന്നേക്കും. അതേസമയം കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി എഡിജിപി പി.വിജയൻ ഇന്ന് കൊച്ചിയിലെത്തും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിർദേശപ്രകാരമാണ് എഡിജിപിയുടെ സന്ദർശനം. കേസിലെ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കുക, പ്രതിയുടെ ദൃശ്യങ്ങൾ നശിപ്പിക്കാൻ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, പ്രതിയുടെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിയെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് കൊല്ലപ്പെട്ട ജയ ബാലകൃഷ്ണന്റെ കുടുംബം പ്രധാനമായും ഉന്നയിക്കുന്നത്.

ഈ ആവശ്യങ്ങളിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന ഉറപ്പിന്മേൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുടുംബം നടത്തിവന്നിരുന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. വിഷയത്തിൽ കുടുംബവുമായി നേരിട്ട് സംസാരിച്ച മുഖ്യമന്ത്രി, അവർക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, ഇന്ന് വൈകുന്നേരം നാലുമണിക്കുള്ളിൽ ആവശ്യങ്ങളിൽ അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ വീണ്ടും ശക്തമായ സമരം തുടങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം.

By admin

Leave a Reply

Your email address will not be published. Required fields are marked *