2026 ഒക്ടോബർ 28 ബുധൻ

തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതുസംബന്ധിച്ച ബിൽ നാളെ നിയമസഭ പാസാക്കും. തീരുമാനപ്രകാരം എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽ നിന്ന് 98,000 രൂപയായി ഉയരും. മന്ത്രിമാരുടെ ആനുകൂല്യങ്ങൾ 1.08 ലക്ഷം രൂപയിൽ നിന്ന് 1.33 ലക്ഷം രൂപയായാണ് വർധിക്കുക. നിലവിൽ കേരളത്തിലെ എംഎൽഎക്ക് ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ പ്രതിമാസം കുറഞ്ഞത് 70,000 രൂപയാണ് കൈയിൽ ലഭിക്കുന്നത്. കേരളത്തിലെ മന്ത്രിക്ക് ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ പ്രതിമാസം 97,000 ലഭിക്കും.

എംഎൽഎമാർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൂട്ടുന്നതിലും ഐപാഡ് വിതരണത്തിലും സർക്കാറിനെതിരെ വിവിധ കോണുകളില്‍നിന്ന് വിമർശനം ഉയര്‍ന്നിരുന്നു. സർക്കാർ നടപടി ധൂർത്താണെന്നായിരുന്നു വിമര്‍ശനം. അതേസമയം, കോടികൾ ചെലവഴിച്ചുള്ള ഐപാഡ് വിതരണത്തിൽ അടക്കം പ്രതിപക്ഷത്തും മൗനം തുടരുകയാണ്. പിഎസ് സി അംഗങ്ങളുടെ അനുകൂല്യങ്ങളിൽ തൊടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശവും ചർച്ചയാകുന്നു. എൽഡിഎഫ് സർക്കാർ പിഎസ്‍സി അം​ഗങ്ങളുടെ ശമ്പളം വർധിപ്പിച്ചപ്പോൾ അന്നത്തെ പ്രതിപക്ഷം രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം പിഎസ്‍സി അം​ഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കില്ലെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *