2026 ഒക്ടോബർ 29 വ്യാഴം
തിരുവനന്തപുരം: പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന അനിവാര്യമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി. ക്ലെയിം തുക വര്‍ധിച്ചതോടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്വട്ടേഷന്‍ നല്‍കാന്‍ പോലും തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, ഭീമമായ പ്രീമിയം വര്‍ധന പ്രവാസികളോടുള്ള ക്രൂരതയാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. കൊള്ളയ്ക്ക് ഇരയാകേണ്ടവരാണോ പ്രവാസികളെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രവാസികളോട് പോലും പറയാതെ ലോക കേരളസഭ പിരിച്ചുവിട്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം.
പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം തുക ഇരട്ടിയിലധികമായി വര്‍ധിപ്പിച്ച നടപടിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നിരുന്നു. ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ 150 ശതമാനത്തിലധികം വര്‍ധിച്ചുവെന്നും, പ്രീമിയം കൂട്ടാതെ മുന്നോട്ടുപോകാനാവാത്ത സാഹചര്യമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. 18 വയസ് മുതല്‍ 110 വയസ് വരെയുള്ളവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന പുതിയ സ്‌കീം ആയതിനാലാണ് പ്രീമിയം വര്‍ധിപ്പിച്ചതെന്നും ഇന്‍ഷുറന്‍സ് കമ്പനികള്‍ സഹകരിക്കാത്ത സ്ഥിതിയാണ് നിലവിലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
പ്രവാസി ക്ഷേമ പെന്‍ഷന്റെ കുടിശ്ശികയായ മൂന്ന് മാസത്തെ തുക ഉടന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കാണാത്തതിനാല്‍ ലോക കേരള സഭ പിരിച്ചുവിട്ടെന്നും, അതിന് പകരം കൂടുതല്‍ ഫലപ്രദമായ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസികളോട് സര്‍ക്കാര്‍ ക്രൂരത കാട്ടുന്നുവെന്നും ലോക കേരള സഭ ഇല്ലാതാക്കിയത് ശരിയല്ലെന്നും ചൂണ്ടിക്കാണിച്ച പ്രതിപക്ഷം, സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്നിറങ്ങിപ്പോയി.
