2026 ഒക്ടോബർ 30 വെള്ളി

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സി സെക്രട്ടറി സാജു ജോര്‍ജിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. ശനിയാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശം. പരീക്ഷ കൺട്രോളർ ബിനി കെ. എബ്രഹാമിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും.. കൂടുതല്‍ പിഎസ്‌സി അംഗങ്ങളുടെ ചോദ്യം ചെയ്യല്‍ അടുത്ത ആഴ്ചയുണ്ടാകും. ഒളിവില്‍ കഴിയുന്ന പിഎസ്‌സി അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ വൈകാതെ തന്നെ കസ്റ്റഡിയില്‍ വാങ്ങും. നിലവില്‍, അന്വേഷണസംഘം പിഎസ്‌സി ചെയര്‍മാന്റെ മൊഴി വിശദമായി പരിശോധിച്ചുവരികയാണ്. ക്രമക്കേടില്‍ തങ്ങള്‍ക്ക് യാതൊരുവിധ പങ്കുമില്ലെന്നാണ് പിഎസ്‌സി അംഗങ്ങളുടെ മൊഴി.

തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും നിയമവിരുദ്ധമായ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അംഗങ്ങള്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ഒടുവില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രം പിഎസ്‌സി അംഗങ്ങളെ പ്രതിചേര്‍ത്താല്‍ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിനിടെ, പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ അയച്ചു. എം.ആര്‍ ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കണമെന്നാണ് കത്തിലെ ആവശ്യം. പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേടുകളെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന വിവാദങ്ങളും പരാതികളും പരിഗണിച്ചാണ് ഗവര്‍ണറുടെ നീക്കം. പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും നീക്കം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് രാഷ്ട്രപതിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *