കല്‍പ്പറ്റ: വയനാട് മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദത്തില്‍ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ നടപടി. പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റി. വടുവഞ്ചാല്‍ ജിഎച്ച്എസ്എസിലേക്കാണ് മാറ്റം. വിനോദയാത്രയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഷയത്തില്‍ കൂടുതല്‍ അന്വഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്‌കൂള്‍ പി.ടി.എ പ്രസിഡന്റിനെ ചുമതലയില്‍ നിന്ന് മാറ്റാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിനോദയാത്ര ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് നടപടി. ആര്‍ആര്‍ഡിയില്‍ നിന്ന് അനുമതി തേടിയില്ലെന്നും മൂന്നുദിവസം നടത്തേണ്ട യാത്ര 5 ദിവസം വരെ നീട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വയനാട് മീനങ്ങാടി സ്‌കൂള്‍ വിനോദയാത്ര വിവാദത്തില്‍ പ്രതികരണവുമായി പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. രക്തപരിശോധന ഫലം നെഗറ്റീവായിരുന്നതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ മദ്യപിച്ചെന്ന ആരോപണം തെറ്റെന്ന് തെളിഞ്ഞിരുന്നു. വലിയ പ്രയാസമാണ് ഞാന്‍ നേരിട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. സത്യം ജയിക്കും എന്നതിന്റെ ഉദാഹരണമാണിത്. എനിക്കുണ്ടായ മാനസിക പ്രയാസത്തിനും കുടുംബം അനുഭവിച്ച പ്രയാസത്തിനും ആര് മറുപടി പറയുമെന്നും സങ്കുചിത താല്‍പര്യങ്ങളുടെ പേരില്‍ ഒരാളെ മാനസികമായി തകര്‍ക്കാം എന്നതിന്റെ ഉദാഹരണമാണ് ഞാനെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *