2026 നവംബർ 3 ചൊവ്വ
കൊച്ചി: ജില്ലാ കോടതിയിൽനിന്ന് ലക്ഷങ്ങൾ വിലയുള്ള വാച്ച് ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ മോഷണം പോയി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്-രണ്ട് കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ ഉൾപ്പെട്ട 124 തൊണ്ടിമുതലുകളാണ് മോഷണംപോയത്. 1.90 ലക്ഷം രൂപയുടെ റാഡോ വാച്ചാണ് കാണാതായത്. ജെ.എഫ്.സി.എം.-രണ്ട് കോടതി ജൂനിയർ സൂപ്രണ്ടിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ആരംഭിച്ചു. 2016-ൽ കൊച്ചിയിലെ വനിതാ വ്യവസായിയെ ഭീഷണിപ്പെടുത്തി ക്വട്ടേഷൻ സംഘം 1.5 കോടി രൂപയുടെ ആഡംബരകാറും റാഡോ വാച്ചും തട്ടിയെടുത്ത കേസിൽ ഉൾപ്പെട്ടതാണ് വാച്ച്.
തൃശ്ശൂർ തൃപ്രയാറിലെ പണമിടപാടുകാരനിൽനിന്നായിരുന്നു ഇവ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഭർത്താവിന്റെ വാച്ച് വിട്ടുകിട്ടാൻ വനിതാ വ്യവസായി കഴിഞ്ഞമാസം നൽകിയ ക്ലെയിം പെറ്റീഷന് കോടതി അനുമതി നൽകിയിരുന്നു. വിട്ടുനൽകുന്നതിനായി സൂക്ഷിപ്പുകേന്ദ്രം പരിശോധിച്ചപ്പോഴാണ് വാച്ച് കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. ഓഡിറ്റ് റിപ്പോർട്ടടക്കമുള്ള രേഖകൾ പരിശോധിച്ചപ്പോഴാണ് 123 തൊണ്ടിമുതലുകൾകൂടി മോഷണം പോയതായി വ്യക്തമായത്. ഇവ സൂക്ഷിച്ചിരുന്ന മുറി ഇടയ്ക്ക് മാറിയിരുന്നു. ഇതിനിടെ തൊണ്ടിമുതലുകൾ നഷ്ടപ്പെട്ടതാണോയെന്ന് അറിയാൻ കോടതി രജിസ്റ്റർ പരിശോധിക്കും. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.
കേസിൽ സ്ട്രോങ് റൂം ജീവനക്കാരൻ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും. കേസ് അട്ടിമറിക്കാൻ തൊണ്ടിമുതലുകൾ മോഷ്ടിച്ച് നശിപ്പിച്ചതാണോ എന്നും പോലീസ് സംശയിക്കുന്നു.
