2026 നവംബർ 5 വ്യാഴം
ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപബ്ലിക്കൻ പാർട്ടിയുടെ പരാജയം ആഘോഷമാക്കി സാമ്പത്തിക മേഖല. പരാജയത്തിനു കാരണം ഇറാൻ യുദ്ധവും എണ്ണവിലക്കയറ്റവുമാണെന്ന് ട്രംപടക്കം സമ്മതിച്ചതോടെ നിക്ഷേപകർ ആവേശത്തിലാണ്. ഇസ്രയേലിൽ ബെന്യമിൻ നെതന്യാഹു പ്രധാനമന്ത്രി പദത്തിൽ തുടരില്ലെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇതോടെ ഇറാൻ യുദ്ധത്തിനു പരിഹാരമായേക്കുമെന്ന പ്രതീക്ഷയും ശക്തമായി. എന്നാൽ ഇടക്കാല തിരഞ്ഞെടുപ്പ് ഫലം ഒരു മാറ്റവുമുണ്ടാക്കില്ലെന്നും ഇറാനെതിരെയുള്ള യുഎസ് നിലപാട് രൂക്ഷമാകാനാണ് സാധ്യതയെന്നുമാണ് ഇറാനിയൻ പരമോന്നത നേതാവ് മുജ്തബ ഖമനയയി പറയുന്നത്. ഏതെങ്കിലും തരത്തിൽ ഇറാനെതിരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് ശക്തമായ ഭാഷയിൽ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇറാനെതിരെ ശക്തമായ ആക്രമണം നടത്താൻ യുഎസും ഇസ്രയേലും പദ്ധതിയിട്ടിരുന്നു. എന്നാൽ നിലവിൽ അതിനു പ്ലാനില്ലെന്നും നയതന്ത്ര വഴിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് യുഎസിന്റെ ശ്രമം. എന്നാൽ ഈ സാഹചര്യത്തിലും ഒരു ആക്രമണമുണ്ടാകാനുള്ള സാധ്യത ഇറാൻ തള്ളിക്കളയുന്നില്ലെന്നതിന്റെ സൂചനയാണ് മുജ്തബയുടെ നിലപാടെന്നാണ് വിലയിരുത്തൽ. അതേസമയം, പുതിയ നീക്കങ്ങളിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞു. സ്വർണവില കത്തിക്കയറി. ഓഹരി വിപണികളും നേട്ടത്തിലാണ്. കുത്തനെ ഇടിഞ്ഞ് ക്രൂഡോയിൽ കനത്ത പരാജയത്തിനു കാരണം ഇറാൻ യുദ്ധമാണെന്ന വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ പ്രസ്താവന പുറത്തു വന്നതോടെ രാജ്യാന്തര ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞു. 8 ശതമാനത്തിനു മുകളിൽ ഇടിഞ്ഞ യുഎസ് ഡബ്ല്യുടിഐ 87 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 9 ശതമാനത്തോളം നഷ്ടത്തിൽ 93.73 ഡോളറിലുമാണ്. യുഎഇയുടെ മർബൻ ക്രൂഡോയിൽ ബാരലിന് 100 ഡോളറിൽ തന്നെ തുടരുകയാണ്. എണ്ണവില കുറഞ്ഞത് രാജ്യാന്തര തലത്തിൽ പണപ്പെരുപ്പ ഭീഷണി കുറച്ചിട്ടുണ്ട്. കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് വർധനയുടെ വേഗം കുറയ്ക്കുമെന്നും നിക്ഷേപകർ കരുതുന്നു. പലിശ നിരക്ക് കുറയ്ക്കുന്നത് കടപത്രങ്ങളിൽ നിന്ന് സ്വർണം, ഓഹരി വിപണി എന്നിവയിലേക്ക് കൂടുതൽ നിക്ഷേപമെത്താനും സഹായിക്കും. കത്തിക്കയറി സ്വർണവില ഇന്നലെ കത്തിക്കയറിയ രാജ്യാന്തര സ്വർണവിലയിൽ ഇന്നും കുതിപ്പ് തുടരുകയാണ്. ഇന്നലെ യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നതിനു മുൻപ് ഔൺസിന് 3917 ഡോളർ നിലവാരത്തിലുണ്ടായിരുന്ന സ്വർണവില ട്രംപിന് തിരിച്ചടി നേരിട്ടതോടെ കുത്തനെ കുതിച്ചിരുന്നു.
ഔൺസിന് 4061 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണവില ഇന്ന് ഔൺസിന് 5 ശതമാനത്തോളം കുതിച്ച് 4136 ഡോളർ വരെ എത്തി. നിലവിൽ 4127 ഡോളറെന്ന നിലയിലാണ് വ്യാപാരം. യുഎസ് ഡോളറിന്റെ വിനിമയ നിരക്കും ബോണ്ട് യീൽഡും കുത്തനെ ഇടിഞ്ഞതും സ്വർണത്തിനു കരുത്തായി. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിക്കുന്നത് സ്വർണത്തിനു പിന്തുണയേകുന്ന മാറ്റമായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കേരളത്തിൽ പവന് ഒരു ലക്ഷം രൂപയ്ക്കു താഴേക്ക് പോകുമെന്നു തോന്നിച്ചിടത്തു നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില മുന്നേറ്റത്തിലാണ്. ഇന്നലെ മാത്രം രണ്ടു തവണയായി 2320 രൂപ കൂടിയിരുന്നു. ഇന്നലെ ഔൺസിന് 4010 ഡോളറിലാണ് കേരളത്തിൽ വില മാറ്റമുണ്ടായത്. ഇന്ന് കേരളത്തിലും വില കുത്തനെ ഉയരാൻ സാധ്യതയുണ്ട്. ബ്ലോക്ക് ബസ്റ്റർ കുതിപ്പിന് ഇന്ത്യൻ വിപണി തുടർച്ചയായ ആറാം ദിവസവും കുതിപ്പ് തുടരാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ഓഹരി വിപണി. ഗിഫ്റ്റ് 350 പോയിന്റോളം നേട്ടത്തിലാണ്. ഇന്ത്യൻ ഓഹരി സൂചികകകൾ മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നതിന്റെ സൂചനയാണിത്. ക്രൂഡോയിൽ വില കുറഞ്ഞതും വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നതും നിർണായകമാകും. നിർണായകം ഈ 3 കാര്യങ്ങൾ ∙ഇടക്കാല തിരഞ്ഞെടുപ്പിനു കാരണം ഇറാൻ യുദ്ധമാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും പറഞ്ഞു കഴിഞ്ഞു. ഇനി ഇറാൻ യുദ്ധം അവസാനിപ്പിക്കാതെ ഇവർക്ക് മുന്നിൽ മറ്റു വഴികളില്ലെന്നാണ് നിക്ഷേപകർ കരുതുന്നത്. ഇതോടെ ക്രൂഡോയിൽ വില കുറയാനും രാജ്യാന്തര വ്യാപാരം സാധാരണ നിലയിലാകാനും സാധ്യതയുണ്ട്. ആവശ്യമായതിന്റെ 90 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. ∙അമേരിക്കൻ ബോണ്ടുകളിൽ നിന്നുള്ള നേട്ടം (യീൽഡ്) കുറയുന്നതാണ് മറ്റൊരു കാരണം. ഇതോടെ നിക്ഷേപകർ കൂടുതൽ റിട്ടേൺ ലഭിക്കുന്ന ഓഹരി വിപണി പോലുള്ള നിക്ഷേപങ്ങളിലേക്ക് നീങ്ങും. ∙തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാ അമേരിക്കക്കാരുടെ അക്കൗണ്ടിലും 5000 ഡോളർ വീതം നിക്ഷേപിക്കുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. പരാജയപ്പെട്ടതോടെ 1.2 ലക്ഷം കോടി ഡോളർ യുഎസിന് ലാഭിക്കാമെന്നാണ് കണക്ക്. ഇത് യുഎസിലെ സ്പെൻഡിങ് കുറയ്ക്കുമെന്നും ബോണ്ട് യീൽഡിൽ കൂടുതൽ ഇടിവുണ്ടാക്കുമെന്നുമാണ് കരുതുന്നത്.
അഞ്ചാം നാളിലും മുന്നേറ്റം നഷ്ടത്തിൽ തുടങ്ങി പിന്നീട് ചാഞ്ചാടത്തിലായെങ്കിലും ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ അഞ്ചാമത്തെ ദിവസവും മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി ഓഹരികൾ സമ്മർദത്തിലായെങ്കിലും ഫിനാൻഷ്യൽ, എഫ്എംസിജി, ഓട്ടോ ഓഹരികൾ സൂചികകൾക്ക് പിന്തുയായി. ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞതും വിദേശനിക്ഷേപകരുടെ ഓഹരി വാങ്ങൽ വർധിച്ചതും മറ്റൊരു കാരണമാണ്. മുഖ്യ ഓഹരി സൂചികയായ സെൻസെക്സ് 383.55 പോയിന്റ് ഉയർന്ന് 77,301.40ൽ വ്യാപാരം അവസാനിപ്പിച്ചു. രണ്ടു മാസക്കാലത്തെ ഏറ്റവും ഉയർന്ന നിലയാണിത്. വ്യാപാരത്തിനിടെ ഇൻട്രാഡേ ഉയരമായ 77,396.04ലും സെൻസെക്സ് എത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റിയും സമാനമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. വ്യാപാരാന്ത്യം നിഫ്റ്റി 149.75 പോയിന്റ് മുന്നേറി 23,960.60ലെത്തി. വാങ്ങലുകാരായി വിദേശികൾ കൂട്ടത്തോടെ കൊഴിഞ്ഞു പോയിരുന്ന വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) തിരിച്ചെത്തിയതിനും കഴിഞ്ഞ 4 ദിവസത്തിനിടെ ഇന്ത്യൻ വിപണി സാക്ഷയായി. ഒക്ടോബർ 30നും നവംബർ നാലിനും ഇടയിൽ 20,384.04 കോടി രൂപയുടെ ഓഹരികളാണ് ഇവർ വാങ്ങിയത്. 2023നു ശേഷം ഇത്തരമൊരു തിരിച്ചു വരവ് ഇതാദ്യം. എന്നാൽ ആഭ്യന്തര നിക്ഷേപകർ ഈ കാലയളവിൽ അറ്റവിൽപ്പനക്കാരായെന്നും കണക്ക്. 4 ദിവസത്തിനിടെ 8600 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റത്. ആഭ്യന്തര നിക്ഷേപകർ ലാഭമെടുക്കുമ്പോൾ പോലും വിദേശ നിക്ഷേപകർ ഓഹരി വാങ്ങുന്നത് ഇന്ത്യൻ വിപണയിലെ ആത്മവിശ്വാസത്തിന്റെ തെളിവാണെന്ന് വിലയിരുത്തൽ. ക്രൂഡോയിൽ വില ഇടിഞ്ഞതും ദീർഘകാല മൂലധനനേട്ട നികുതി കുറയ്ക്കുമെന്ന റിപ്പോർട്ടുകളും ട്രംപിന്റെ തിരഞ്ഞെടുപ്പ് തോൽവിയുമാണ് വിദേശ നിക്ഷേപകരുടെ മനസു മാറ്റിയതെന്നാണ് കരുതുന്നത്. ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകരുടെ സാന്നിധ്യം വെറും 14 ശതമാനം മാത്രമാണെന്ന് തിങ്കളാഴ്ച സാമ്പത്തിക സ്ഥാപനമായ നൊമുറ പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത്രയും താഴുന്നത് ഇതാദ്യമാണ്. നികുതി കുറച്ചാൽ മാത്രം മതിയോ? എന്നാൽ ഓഹരി വിപണിയിലേക്ക് കൂടുതൽ നിക്ഷേപകരെ എത്തിക്കാൻ ദീർഘകാല മൂലധനനേട്ട നികുതി പരിഷ്കരിച്ചാൽ മാത്രം മതിയോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. കാര്യമായ നേട്ടം ലഭിക്കുന്ന സാഹചര്യമുണ്ടായില്ലെങ്കിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ തുടരില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
നിലവിൽ ഇന്ത്യൻ വിപണിയിൽ നിന്ന് ലഭിക്കുന്ന റിട്ടേൺ താരതമ്യേന കുറവാണ്. ഉയർന്ന റിസ്കുമുണ്ട്. ഇതിൽ പരിഹാരമാകാതെ വിദേശികൾ ഇന്ത്യൻ വിപണിയിൽ തുടരില്ലെന്നും മറ്റേതെങ്കിലും വിപണികളിലേക്ക് തിരിച്ചു പോകാനുമുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ വിശദീകരിക്കുന്നു. അതേസമയം, ദീർഘകാല മൂലധനനേട്ട നികുതി പരിഷ്ക്കരിക്കുന്ന കാര്യം അതീവ ഗൗരവമായി പരിഗണിക്കുമെന്ന ധനമന്ത്രി നിർമല സീതാരാമന്റെ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ച് ഓഹരി നിക്ഷേപകർ. കഴിഞ്ഞ 5 വ്യാപാരദിവസങ്ങളിലായി ഓഹരി വിപണി സൂചികകൾ മുന്നേറിയതിന്റെ പ്രധാന കാരണങ്ങളിലൊന്നും ഈ നികുതിയിളവു പ്രതീക്ഷയാണ്. തോൽവി ആഘോഷമാക്കി ഓഹരികൾ ഡെമോക്രാറ്റിക് പാർട്ടിയുടെ മികച്ച വിജയത്തിനു പിന്നാലെ യുഎസ് ഓഹരി വിപണി സൂചികകൾ വൻ മുന്നേറ്റമാണ് നടത്തിയത്. ഡോ സൂചിക 3 ശതമാനം മുന്നേറി. എസ് ആൻഡ് പി 1.6 ശതമാനവും നാസ്ഡാക് 1.4 ശതമാനവും നേട്ടത്തിലായി. ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞതും പരാജയത്തിനു കാരണം ഇറാൻ യുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് സമ്മതിച്ചതുമാണ് വിപണിയുടെ കയറ്റത്തിനു കാരണമെന്നാണ് കരുതുന്നത്. വാൾമാർട്ട് പോലുള്ള ഓഹരികൾ മുന്നേറിയപ്പോൾ എഐയുമായി ബന്ധപ്പെട്ട കോർവീവ് പോലുള്ളവ കുത്തനെ ഇടിഞ്ഞു. ഡെമോക്രാറ്റുകൾ അധികാരത്തിലെത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സെന്റർ ഗവേഷണങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് ആശങ്ക. പല സംസ്ഥാനങ്ങളിലും ഡേറ്റ സെന്ററുകൾക്കെതിരെ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ഡെമോക്രാറ്റുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഏഷ്യൻ വിപണികൾ ഭിന്നദിശകളിലാണ്. നിക്കെയ് സൂചിക 0.49 ശതമാനം നേട്ടത്തിലാണ്. ദക്ഷിണ കൊറിയൻ കോസ്പി സൂചിക 1.5 ശതമാനത്തോളം ഇടിഞ്ഞു.
