2026 നവംബർ 7 ശനി

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങൾക്ക് വ്യക്തത നൽകുന്നതിനു പകരം ദുരൂഹതയും അവ്യക്തതയും സൃഷ്ടിച്ച് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുന്നിൽ വന്ന ഫയലിന്റെ അടിസ്ഥാനത്തിലാണ് താൻ അന്തിമ തീരുമാനമെടുത്തതെന്ന് അദ്ദേഹം സമ്മതിച്ചിരിക്കുകയാണ്. എന്നാൽ, കെ.എസ്.ഇ.ബി. സാങ്കേതികവും സാമ്പത്തികവുമായ പരിശോധന നടത്തി സർക്കാരിന് സമർപ്പിച്ച ഹിമാചൽ വൈദ്യുതി വാങ്ങാനുള്ള പ്രൊപ്പോസൽ അട്ടിമറിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പിണറായി ചോദിച്ചു. വകുപ്പ് മന്ത്രി ഉദ്യോഗസ്ഥതല ചർച്ചകൾക്കു ശേഷം ഹിമാചൽ വൈദ്യുതി വാങ്ങാമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയിരുന്നത് എന്നതിൽ തർക്കം ഇല്ല. എന്നിട്ടും ജി.എൻ.എ.യുടെ ദുരൂഹ ഓഫർ സ്വീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത് ഏത് നിയമത്തിന്റെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ജി.എൻ.എ. ഓഫർ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് കെ.എസ്.ഇ.ബി. സർക്കാരിനെ അറിയിച്ചിരുന്നോ? ചീഫ് എൻജിനീയറുടെ വിശദമായ പരിശോധനാ റിപ്പോർട്ട് ഉണ്ടായിരുന്നോ? -ഈ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് ഉത്തരമില്ല. ഡ്യൂ പ്രോസസിന് പകരം മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനമാണ് ഉണ്ടായതെന്ന് വ്യക്തമാണ്. കെ.എസ്.ഇ.ബി.ക്കും ഉപഭോക്താക്കൾക്കും സാമ്പത്തിക ബാധ്യത വരുത്തുന്ന ഈ ഇടപാട്, വകുപ്പ് മന്ത്രിയുടെ അഭിപ്രായം പോലും മറികടന്ന് ആർക്കുവേണ്ടി ഇത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.

കെ.എസ്.ഇ.ബി. എം.ഡി. ആയിരുന്ന ശ്രീ രാജമാണിക്യം ഐ.എ.എസ്. എഴുതിയ കുറിപ്പിലെ ഏതാനും വരികൾ അടർത്തിയെടുത്ത് കാണിച്ചതുകൊണ്ട് ബോർഡ് ഉയർത്തിയ എതിർപ്പ് ഇല്ലാതാകുമോ? മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാനില്ലെങ്കിൽ ബന്ധപ്പെട്ട ഫയലും സർക്കാരിന് ലഭിച്ച കത്തും പൂർണമായി പുറത്തുവിടാത്തത് എന്തുകൊണ്ടാണ്? രേഖകൾ പുറത്തുവിടാൻ എന്താണ് തടസ്സം? 2026 നവംബർ 1 മുതൽ മാർച്ച് 31 വരെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം. കമ്മീഷന്റെ നിഗമനങ്ങൾ തെറ്റാണെങ്കിൽ സർക്കാർ എന്ത് നിയമനടപടിയാണ് സ്വീകരിച്ചത്? കെ.എസ്.ഇ.ബി.യുടെയും റെഗുലേറ്ററി കമ്മീഷന്റെയും വകുപ്പ് മന്ത്രിയുടെയും അഭിപ്രായങ്ങൾ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി നേരിട്ട് ജി.എൻ.എ.യുമായി കരാർ ഉറപ്പിക്കാൻ തീരുമാനിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ജി.എൻ.എ. കൂടുതൽ വൈദ്യുതി നൽകുമെന്നും ഹിമാചൽ കുറവേ നൽകൂ എന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം കെ.എസ്.ഇ.ബിയുടെ സാങ്കേതിക റിപ്പോർട്ടുകൾക്ക് വിരുദ്ധമല്ലേ? ജി.എൻ.എ.യാണ് പീക്ക് സമയത്ത് വൈദ്യുതി നൽകുകയെന്നതിന് എന്ത് റിപ്പോർട്ടാണുള്ളത്? ഹിമാചലിൽ നിന്നുള്ള ഉത്പാദന പ്രൊഫൈൽ സംബന്ധിച്ച രേഖകൾ കെ.എസ്.ഇ.ബി.യിൽ ലഭ്യമായിരിക്കെ, അതിനെ ഖണ്ഡിക്കുന്ന എന്ത് വിവരമാണ് ജി.എൻ.എ. മുഖ്യമന്ത്രിക്ക് നൽകിയത്? അങ്ങനെയെങ്കിൽ അത് ബോർഡിന്റെ പരിശോധനയ്ക്ക് നൽകാതിരുന്നത് എന്തുകൊണ്ടാണ്?

ജി.എൻ.എ. വൈദ്യുതി ഉത്പാദകരോ ലൈസൻസുള്ള വ്യാപാരിയോ അല്ല; വെറുമൊരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. അങ്ങനെയൊരു പ്ലാറ്റ്‌ഫോമിന് സ്വന്തം നിലയിൽ വൈദ്യുതി വിൽക്കാൻ എന്ത് അധികാരമാണുള്ളത്? ഈ ചോദ്യത്തിന് മറുപടി പറയാതെ കഴിഞ്ഞ സർക്കാരും അവരിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന വാദമാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. എൽ.ഡി.എഫ്. ഭരണകാലത്ത് ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ ഒരു യൂണിറ്റ് വൈദ്യുതിയെങ്കിലും വാങ്ങാൻ കരാറുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖ പുറത്തുവിടണം. കെ.എസ്.ഇ.ബി. ‘സ്വാപ്പ്’ അടിസ്ഥാനത്തിൽ വൈദ്യുതി കൈമാറ്റം ചെയ്യാൻ അവരുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതിനെ മറയാക്കി, നിയമപരമായ അധികാരമില്ലാത്ത വൈദ്യുതി വിൽപനയെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് എന്തിനാണ്? ഒരു നിയമത്തിലുമില്ലാത്ത ‘നേരിട്ടുള്ള ഓഫർ’ സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് എന്ത് അധികാരമാണുള്ളത്? ‘അടിയന്തര സാഹചര്യം’ എന്ന വാദത്തിനും അടിസ്ഥാനമില്ല. അത്തരമൊരു സാഹചര്യം റെഗുലേറ്ററി കമ്മീഷൻ കണ്ടെത്തിയിട്ടുണ്ടോ? മുഖ്യമന്ത്രിക്ക് മാത്രം ബോധ്യപ്പെട്ട അടിയന്തര സാഹചര്യം ഏതാണ്? ടെൻഡർ പോലുമില്ലാതെ സ്വകാര്യ ഓഫർ നൽകിയ ജി.എൻ.എ. മാത്രമാണ് വൈദ്യുതി പ്രതിസന്ധിക്കുള്ള പരിഹാരമെന്ന നിഗമനത്തിലെത്തിയതിനു പിന്നിലെ താൽപ്പര്യം എന്താണ്? വൈദ്യുതി പ്രതിസന്ധിയല്ല, ജി.എൻ.എ.യെ വഴിവിട്ട് പരിഗണിക്കലാണ് അടിയന്തര സാഹചര്യമെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. സി.ഇ.ആർ.സി.യും സെബിയും അന്വേഷണം നടത്തുന്ന സംശയാസ്പദ പശ്ചാത്തലമുള്ള ഒരു കമ്പനിയിൽ നിന്നാണ് വിപണി നിരക്ക് യൂണിറ്റിന് അഞ്ചു രൂപയോളം മാത്രമായിരിക്കെ 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി വാങ്ങാൻ ശ്രമിച്ചത്.

8.48 രൂപയിൽ തുടങ്ങിയ ഫയലിൽ എങ്ങനെയാണ് നിരക്ക് 8.63 രൂപയായത്? മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞ 8.90 രൂപയുടെ ഓഫർ എവിടെനിന്ന് വന്നു? നവംബർ മുതൽ വൈദ്യുതി നൽകാൻ കഴിയുമായിരുന്നെങ്കിൽ എന്തുകൊണ്ട് ജി.എൻ.എ. ഓപ്പൺ ടെൻഡറിൽ പങ്കെടുക്കാതെ പിൻവാതിലിലൂടെ കരാർ ഉറപ്പിക്കാൻ ശ്രമിച്ചു? അവരുടെ നിരക്കാണ് ഏറ്റവും കുറഞ്ഞതെന്ന് ഉറപ്പാക്കാൻ സർക്കാർ എന്ത് പരിശോധനയാണ് നടത്തിയത്? “ഉദ്യോഗസ്ഥർ കൊണ്ടുവരുന്ന ഫയലിൽ കണ്ണടച്ച് ഒപ്പിടാനല്ല സർക്കാർ” എന്നു പറയുന്ന മുഖ്യമന്ത്രി, കെ.എസ്.ഇ.ബി. തള്ളിയ ജി.എൻ.എ. ഓഫർ കണ്ണടച്ച് സ്വീകരിച്ചത് ഏത് മാനദണ്ഡപ്രകാരമാണ്? കൃത്രിമമായി വൈദ്യുതി പ്രതിസന്ധിയുടെ ഭീതി സൃഷ്ടിച്ച് പൊതുപണം കൊള്ളയടിക്കാനുള്ളതാണ് ഈ ഇടപാടെന്ന സംശയം ബലപ്പെടുത്തുന്നതാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അങ്ങനെയല്ലെന്ന് തെളിയിക്കേണ്ടത് സർക്കാരാണ്. മുഖ്യമന്ത്രി പറയുന്നതാണ് ശരിയെങ്കിൽ, ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും മന്ത്രിസഭാ കുറിപ്പുകളും പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുവെക്കാൻ എന്തിനാണ് മടിക്കുന്നതെന്നും പിണറായി ചോദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *