2026 നവംബർ 8 ഞായർ

ന്യൂഡൽഹി: എസ്ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പട്ടികയിൽ തിരിച്ചെത്താൻ ഒരവസരം കൂടി നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആര്‍ നടന്നുവരുന്ന ഏഴുസംസ്ഥാനങ്ങളിൽ കരട് വോട്ടർപട്ടികയിൽനിന്ന് നീക്കപ്പെട്ടവർക്കാണ്, ഫോം 6 വഴി അപേക്ഷിക്കാതെ പേരുചേർക്കാൻ അവസരമൊരുങ്ങുന്നത്.

ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രപ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ ഏഴ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചിരിക്കുന്നത്. എന്യൂമറേഷൻ ഫോം കൈപ്പറ്റിയശേഷം തിരികെ നൽകാതിരുന്നവർക്കും ഇതിന്റെ നേട്ടം ലഭിക്കും. യോഗ്യതയുള്ള ഒട്ടേറെ വോട്ടർമാർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടുവെന്നും ഇതിനു പിന്നിൽ ബിജെപിയാണെന്നും പ്രതിപക്ഷപാർട്ടികൾ ആരോപണം ഉയർത്തിയിരുന്നു.

ഏഴുസംസ്ഥാനങ്ങളിലുമായി 4.52 കോടി വോട്ടർമാരാണ് ഒഴിവാക്കപ്പെട്ടത്. കരട് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരും കാരണവും പോളിങ് സ്റ്റേഷനുകളിലും പ്രദേശത്തെ സർക്കാർ ഓഫിസുകളിലും പ്രസിദ്ധീകരിക്കണം. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണം. താമസം മാറ്റിയിട്ടില്ലാത്ത വോട്ടർമാർക്ക് ആദ്യഘട്ടത്തിൽ എന്തുകൊണ്ട് ഫോം നൽകിയില്ലെന്നുള്ള സത്യവാങ്മൂലം ഉൾപ്പെടുത്തി എന്യൂമറേഷൻ ഫോം നൽകാം.

സംസ്ഥാനത്തെ തന്നെ മറ്റൊരു സ്ഥലത്തേക്കു താമസം മാറ്റിയവരാണെങ്കിൽ വിലാസം മാറ്റുന്നതിനു വേണ്ടിയുള്ള ഫോം–8 നൽകേണ്ടതില്ല. പകരം എന്യൂമറേഷൻ ഫോമും ഒപ്പം പുതിയ വിലാസം വ്യക്തമാക്കുന്ന രേഖകളും കൈമാറണം. വീടും വിലാസവും ഇല്ലാത്തവരാണെങ്കിൽ ബിഎൽഒ ഇവരുടെ താമസസ്ഥലം സന്ദർശിച്ചു രേഖകൾ പരിശോധിച്ചു തുടർനടപടി സ്വീകരിക്കാം. ഫോം 6 ഇതിനോടകം നൽകിയവരാണെങ്കിൽ എന്യൂമറേഷൻ ഫോം നൽകേണ്ടതില്ലെന്നും കമ്മിഷൻ വിശദീകരിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *