2026 നവംബർ 9 തിങ്കൾ

സ്വർണവില ഒരിടവേളയ്ക്കുശേഷം വീണ്ടും കുതിപ്പിന്റെ പാതയിൽ. യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നയിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നല്ലോ. ഇത് ഫലത്തിൽ, ട്രംപിനെ ഇറാനെതിരായ കൂടുതൽ ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർബന്ധിതനാക്കുന്നുണ്ട്. ഇറാനെ തൽക്കാലം ഇനി ആക്രമിക്കില്ലെന്ന് ട്രംപ് പറയുകയും ചെയ്തതോടെ ക്രൂഡോയിൽ‌ വില താഴ്ന്നു. പിന്നാലെ സ്വർണവില രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്നു ഉയരുകയായിരുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് 52 ഡോളർ ഉയർന്ന് 4118 ഡോളറിലാണുള്ളത്. കേരളത്തിൽ വില ഗ്രാമിന് രാവിലെ 95 രൂപ വർധിച്ച് 13,255 രൂപയായി.

പവൻവില 760 രൂപ ഉയർന്ന് 1,06,040 രൂപ. 18 കാരറ്റ് സ്വർണവില ഗ്രാമിന് 85 രൂപ ഉയർന്ന് 10,850 രൂപയിലുമെത്തി. വെള്ളിക്ക് വില മാറിയില്ല; ഗ്രാമിന് 205 രൂപ. ട്രംപിന്റെ പുതിയ നിലപാടിനെ തുടർന്ന് എണ്ണവില കുറഞ്ഞത് ഡോളറിനും യുഎസ് ബോണ്ട് യീൽഡിനും ക്ഷീണമായി. രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. അതുകൊണ്ട്, ഡോളർ‌ തളരുമ്പോൾ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങൾക്ക് കുറഞ്ഞചെലവിൽ കൂടുതൽ സ്വർണം വാങ്ങാനുള്ള അവസരമൊരുങ്ങും. ഇതുവഴി ഡിമാൻഡ് ഏറുമെന്ന വിലയിരുത്തലാണ് സ്വർണവിലയെ തിരിച്ചുകയറ്റുന്നത്. യുഎസിൽ കഴിഞ്ഞമാസം പുതിയ തൊഴിലവസരക്കണക്കുകൾ പ്രതീക്ഷതിലും മെച്ചപ്പെട്ടതിനാൽ യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യതയുണ്ട്.

പക്ഷേ, ഈ സാധ്യതയും ഡോളറിനെ കരകയറ്റാൻ പര്യാപ്തമായില്ല. ഇതാണ് സ്വർണത്തിന് നേട്ടമായത്. രാജ്യാന്തരവില 4225 ഡോളർ വരെ എത്താനുള്ള സാധ്യത ചില അനലിസ്റ്റുകൾ കാണുന്നുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 1.10 ലക്ഷം രൂപയിലേക്ക് നീങ്ങാം. മറിച്ച്, ഇറാൻ-യുഎസ് ബന്ധം വീണ്ടും വഷളാവുകയും എണ്ണവില തിരിച്ചുകയറുകയും ചെയ്താൽ ഡോളർ കരുത്ത് വീണ്ടെടുക്കും. ഇത് സ്വർണത്തിന് തിരിച്ചടിയാകും. അങ്ങനെ സംഭവിച്ചാൽ രാജ്യാന്തരവില 3900 ഡോളറിലേക്ക് ഇടിയാം.

By admin

Leave a Reply

Your email address will not be published. Required fields are marked *