2026 നവംബർ 10 ചൊവ്വ
തിരുവനന്തപുരം: കിഫ്ബി വഴി കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. വിജിലൻസ് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടുണ്ടെന്ന സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം.12,000 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിനായി ചെലവഴിച്ചത്. കിഫ്ബിയിൽ നിന്ന് പണം അനുവദിച്ചതിന്റെയും ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിന്റെയും രേഖകൾ വിജിലൻസ് ശേഖരിച്ചു.
രേഖകൾ ആവശ്യപ്പെട്ട് കിൻഫ്രയ്ക്കും കത്ത് നൽകിയിട്ടുണ്ട്. എന്നാൽ കിൻഫ്ര ഇതുവരെ രേഖകൾ കൈമാറിയിട്ടില്ല. ഭൂമിയുടെ ക്രയവിക്രയ വിവരങ്ങൾ ശേഖരിക്കാൻ രജിസ്ട്രേഷൻ ഐജിക്കും വിജിലൻസ് കത്ത് നൽകി. ഭൂമിയുടെ രേഖകളും വിൽപ്പന വിവരങ്ങളും പരിശോധിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. വിജിലൻസ് ഇതുവരെ അന്വേഷിച്ച കേസുകളിൽ ഏറ്റവും വലിയ തുക ഉൾപ്പെടുന്ന ക്രമക്കേടുകളിലൊന്നാണ് കിഫ്ബി ഭൂമിയേറ്റെടുക്കൽ.
