2026 നവംബർ 12 വ്യാഴം

തിരുവനന്തപുരം∙ ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചര്‍(എല്‍പിഎസ്ടി) റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലില്‍നിന്ന് ഇന്നലെ രാത്രി ബലംപ്രയോഗിച്ച് പൊലീസ് ആശുപത്രിയിലേക്കു മാറ്റിയ സമരസമിതി നേതാവ് വളര്‍മതി വീണ്ടും സമരപ്പന്തലില്‍ തിരിച്ചെത്തി. ഉച്ചയോടെയാണ് അവര്‍ വീണ്ടും സമരപ്പന്തലില്‍ എത്തി നിരാഹാരസമരം പുനരാരംഭിച്ചത്. ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കാതെ അടിച്ചമര്‍ത്താന്‍ നോക്കിയിട്ടു കാര്യമില്ലെന്ന് വളര്‍മതി പ്രതികരിച്ചു.

സാമ്പത്തികബാധ്യത വരാത്ത കാര്യം പോലും ചെയ്യാതെ പറഞ്ഞുപറ്റിക്കുകയാണ് സര്‍ക്കാര്‍. ആരോഗ്യാവസ്ഥ മോശമാണെന്നു പറയുന്ന ആളെയാണ് ഇന്നലെ രാത്രി ബലം പ്രയോഗിച്ചു കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എന്നിട്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു. രാവിലെ വരെ ഒരു ചികിത്സയും നല്‍കിയില്ല. മനപൂര്‍വം അവിടെ കിടത്താനുള്ള ശ്രമമാണ് നടത്തിയത്. ഭരണത്തിലെത്തിയപ്പോഴാണ് സമരം അനാവശ്യമാണെന്നു തോന്നുന്നതെന്നും വളര്‍മതി പറഞ്ഞു. വാര്‍ഡിലേക്കു മാറ്റിയതിനു പിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സഹയത്തോടെയാണ് വളര്‍മതി വീണ്ടും സമരപ്പന്തലില്‍ എത്തിയത്.

സമരത്തിന് അനുകൂലമായി പ്രതിഷേധിച്ച പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോര്‍ച്ച, എഐവൈഎഫ് പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ചത്. ഇടത്, ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ സമരപ്പന്തലില്‍ എത്തി പിന്തുണ അറിയിച്ചു. ഇന്നലെ രാത്രി പൊലീസ് സമരപ്പന്തല്‍ പൊളിച്ചുമാറ്റിയിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പുതിയ പന്തല്‍ നിര്‍മിക്കുകയായിരുന്നു. ഇവര്‍ക്കെല്ലാമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *