2026 നവംബർ 14 ശനി

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളവിലയില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഉള്ളിവിലയില്‍ 116 ശതമാനം വര്‍ധന രേഖപ്പെടുത്തിയത്. ഉള്ളിക്കൊപ്പം വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ എന്നിവക്കും വില കൂടിയിട്ടുണ്ട്. വെളുത്തുള്ളിക്ക് 60 ശതമാനവും ഇഞ്ചിക്ക് 48.3 ശതമാനവും നാരങ്ങക്ക് 47.3 ശതമാനവും വില ഉയര്‍ന്നിട്ടുണ്ട്. പച്ചക്കറികളില്‍ ഉരുളകിഴങ്ങിനും കോളിഫെ്‌ലവറിനും മാത്രമാണ് 10 ശതമാനത്തിലേറെ വില കുറഞ്ഞത്. 14.2 ശതമാനം വിലക്കുറവാണ് ഉരുളക്കിഴങ്ങിന് ഉണ്ടായത്. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ പണപ്പെരുപ്പ കണക്കുകളിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

സവാളയുടെ റീടെയില്‍ വിലയും ഉയര്‍ന്നിട്ടുണ്ട് കിലോക്ക് 30 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ വിലയെങ്കില്‍ ഇപ്പോള്‍ വില 60 രൂപയിലെത്തി. ചെറിയ ഉള്ളിയുടെ വില 160ലേക്കാണ് കുതിച്ച് കയറിയത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് സവാള വരവ് കുറഞ്ഞതാണ് വില ഉയരാന്‍ പ്രധാനകാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

നേരത്തെ ഇന്ത്യയില്‍ റീടെയില്‍ പണപ്പെരുപ്പം പുതിയ ഉയരത്തില്‍ എത്തിയിരുന്നു. ഒക്ടോബറില്‍ റീടെയില്‍ പണപ്പെരുപ്പം 6.09 ശതമാനമായി ഉയര്‍ന്നിരുന്നു. ആര്‍ബിഐ ലക്ഷ്യമായ ആറ് ശതമാനത്തിനും മുകളിലാണ് പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയാണ് പ്രധാനമായും പണപ്പെരുപ്പത്തിന് സംഭാവന ചെയ്യുന്നത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്തംബറില്‍ 5.54 ശതമാനമായി ഉയര്‍ന്നിരുന്നു. ഇതാണ് ഒക്ടോബറില്‍ 6.09 ശതമാനത്തിലേക്ക് വീണ്ടും ഉയര്‍ന്നത്. മിനിസ്ട്രി ഓഫ് സ്റ്റാറ്റസ്റ്റിക്സാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

By admin

Leave a Reply

Your email address will not be published. Required fields are marked *