വൈത്തിരി: എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് കുരുന്നുകൾക്ക് ചികിത്സാ സഹായം കണ്ടെത്തുന്നതിനായി പായസ ചലഞ്ച് സംഘടിപ്പിച്ച് ആർ.ജെ.ഡി മഹിളാ ജനത കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി.

കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ കല്ലുരുത്തി സ്വദേശികളായ പൂവത്തിച്ചാലിൽ അരുൺ–ഷാൽമി ദമ്പതികളുടെ 18 മാസം പ്രായമുള്ള മൂന്ന് മക്കളായ ഡേവിഡ്, ഏതൻ, ഒലിവർ എന്നിവരുടെ ചികിത്സാ സഹായത്തിനായാണ് പായസ ചലഞ്ച് സംഘടിപ്പിച്ചത്.

മൂന്നു കുട്ടികളുടെയും ചികിത്സയ്ക്കായി ഏകദേശം 50 കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്. ഇതുവരെ ഏകദേശം 20 കോടി രൂപ സമാഹരിച്ചതായാണ് വിവരം. ശേഷിക്കുന്ന ഏകദേശം 30 കോടി രൂപ കൂടി അടുത്ത 23 ദിവസത്തിനുള്ളിൽ കണ്ടെത്തേണ്ടതുണ്ട്. ഇതിനായുള്ള ധനസമാഹരണ പ്രവർത്തനങ്ങൾക്ക് വിവിധ സന്നദ്ധ സംഘടനകളും സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരും നേതൃത്വം നൽകിവരികയാണ്.

ലക്കിടി ചങ്ങലമരത്തിന് സമീപം നടന്ന പായസ ചലഞ്ചിന് ആർ.ജെ.ഡി ജില്ലാ കമ്മിറ്റി അംഗവും കൂടരഞ്ഞി ബ്ലോക്ക് പഞ്ചായത്ത് കൂടരഞ്ഞി ഡിവിഷൻ മെമ്പറുമായ ജിമ്മി ജോസ് പെമ്പിള്ളിൽ, മഹിളാ ജനതാദൾ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ഷീബ റോയ് നെച്ചിക്കാട്ടിൽ, ആർ.ജെ.ഡി ജില്ലാ സെക്രട്ടറി വിൽസൺ പല്ലുവേലിൽ, യുവജനതാദൾ വയനാട് ജില്ലാ പ്രസിഡന്റ് പി.പി. ഷൈജൽ, ആർ.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം റഷീദ് ബാവ, ആർ.ജെ.ഡി വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *