2026 നവംബർ 15 ഞായർ
തിരുവനന്തപുരം∙ ചാല സ്വർണക്കവർച്ച കേസിൽ വഴിത്തിരിവ്. സംഭവത്തിൽ തിരുവനന്തപുരം ചാല മാളവിക ജ്വല്ലറി ഉടമ ജയറാം കസ്റ്റഡിയിൽ. മോഷണത്തിനിരയായ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ ബിസിനസ് വളർച്ചയിലുള്ള കുടിപ്പകയാണ് കവർച്ച ആസൂത്രണം ചെയ്തതിന് പിന്നിലെന്ന് പൊലീസ്. വൈഷ്ണവി ജ്വല്ലറിയുടെ സമീപത്താണ് മാളവിക ജ്വല്ലറി. സ്വർണ ഏജന്റുമാർ തമ്മിലുള്ള പ്രശ്നങ്ങളാണ് മോഷണത്തിനു പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
നന്ദകുമാറിന്റെ ബിസിനസ് തകർക്കുകയായിരുന്നു ലക്ഷ്യം. കേസിൽ നേരത്തെ 6 പേർ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശി അമോലുമായി ജയറാമിന് ഇടപാടുണ്ടായിരുന്നെന്ന് തെളിയിക്കുന്ന രേഖകൾ പൊലീസിന് ലഭിച്ചു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നന്ദകുമാർ വീട്ടിലേക്കു സ്കൂട്ടറിൽ മടങ്ങവേ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് കവർച്ചയ്ക്കിരയായത്. നന്ദകുമാർ ശരീരത്തിനു കുറുകെയിട്ട ക്രോസ് ബാഗിൽ വച്ചിരുന്ന സ്വർണം ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം തട്ടിയെടുക്കുകയായിരുന്നു. 2.6 കോടി രൂപ മൂല്യമുള്ള സ്വർണമാണ് കവർന്നത്.

