കേരള സര്‍ക്കാറിന് വേണ്ടി ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരന്തത്തിനിരയായവരെ നേരില്‍ കേട്ട് ചീഫ് സെക്രട്ടറിയും ജില്ലാ ഭരണ കൂടവും. താല്‍ക്കാലിക-സ്ഥിര പുനരധിവാസവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ടറിയാനാണ് ഡബ്ലുയു.എം.ഒ കോളേജില്‍ ദുരന്ത ബാധിതരെയും വിവിധ മത-രാഷ്ട്രീയ സംഘടനാ പ്രതിനിധികളടേയും വിപുലമായ യോഗം ചേര്‍ന്നത്. കുറ്റമറ്റ രീതിയില്‍ പരാതികള്‍ക്കിടയില്ലാത്ത വിധം ദുരന്തബാധിതര്‍ക്ക് ഗുണം ചെയ്യുന്ന, അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള പുനരധിവാസമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പുനരധിവാസം മാറ്റിപ്പാര്‍പ്പിക്കല്‍ മാത്രമായിട്ടല്ല സര്‍ക്കാര്‍ കാണുന്നത്. സുരക്ഷിതമായ താമസം, വിദ്യാഭ്യാസം, ആരോഗ്യം, ജീവിതോപാധി, മാനസിക പ്രയാസങ്ങളില്ലാത്ത സാമൂഹിക ചുറ്റുപാട്, വിനോദോപാധികള്‍, പൊതുവായ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി സര്‍വ്വതല സ്പര്‍ശിയായ പുനരധിവാസം കാലതാമസമില്ലാതെ നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. താല്‍ക്കാലികമായി പുനരധിവസിപ്പിച്ചരുടെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കും. രക്ഷാപ്രവര്‍ത്തനം മുതല്‍ ഇതുവരെയുള്ള എല്ലാ കാര്യങ്ങളിലും ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഒറ്റക്കെട്ടായാണ് എല്ലാവരും പ്രവര്‍ത്തിച്ചത്. തുടര്‍ന്നും ഇതുപോലെ മുന്നോട്ട് പോവണം. പുരധിവാസം സര്‍വതല സ്പര്‍ശിയായ രീതിയിലാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ജനങ്ങള്‍ പങ്ക് വെച്ച നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാവും പുനരധിവാസ പാക്കേജിന് അന്തിമ രൂപം നല്‍കുക.
സ്ഥിര പുനരധിവാസം ദുരന്തബാധിതരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെടുത്തിയാവണമെന്ന് ടി.സിദ്ധീഖ് എം.എല്‍. എ പറഞ്ഞു. കാലവസ്ഥാ മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമാക്കുന്നതോടൊപ്പം ശാസ്ത്രീയ മാര്‍ഗ്ഗങ്ങളും അവലംബിക്കണം. ചൂരല്‍മല സ്‌കൂള്‍ ചൂരല്‍മലയില്‍ തന്നെ സുരക്ഷിതമായ സ്ഥലത്ത് പുനര്‍നിര്‍മ്മിക്കണം. ചുരുങ്ങിയത് 1200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകള്‍ നിര്‍മ്മിച്ച് നല്‍കണം. പുനരധിവാസവുമായി ബന്ധപ്പെട്ട് സഹകരിക്കാന്‍ തയ്യാറുള്ള എല്ലാവരെയും സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സഹകരിപ്പിക്കണം. തകര്‍ന്ന ആരാധനലായങ്ങള്‍ സാധ്യമാകുന്നിടത്ത് പുനര്‍ നിര്‍മ്മിക്കണം
വായ്പാ ബാധ്യത ഒഴിവാക്കണം
ഭവന നിര്‍മ്മാണത്തിനും വിദ്യാഭ്യാസത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കും വ്യക്തിഗത ആവശ്യങ്ങള്‍ക്കുമായി പൊതു- സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എമാരും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ദുരന്ത ബാധിതരും ഒന്നടങ്കം ആവശ്യപ്പെട്ടു. ചില സ്ഥാപനങ്ങള്‍ വായ്പാ തിരിച്ചടവിന് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പലരും പരാതിപ്പെട്ടു.
ഫ്‌ളഡ് ഷെല്‍ട്ടര്‍
ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ പുനരധിവസിപ്പിക്കുന്നതിനായി ഷെല്‍ട്ടര്‍ സംവിധാനം ജില്ലയില്‍ ഒരുക്കണം. സ്‌കൂളുകള്‍ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നത് ഇതിലൂടെ ഒഴിവാക്കാന്‍ പറ്റും കാലതാമസമില്ലാതെ പുനരധിവാസം നടപ്പാക്കണം പൊതുവായി ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കി കാലതാമസം കൂടാതെ പുനരധിവാസം പൂര്‍ത്തിയാക്കണമെന്നു ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ചായിരിക്കണം വീടുകള്‍ നിര്‍മ്മിച്ച് നല്‍കേണ്ടത്.
വീട്ട് വാടക ഉയര്‍ത്തണം
താല്‍ക്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് നല്‍കുന്ന വീട്ട് വാടക 6000 രൂപയില്‍ നിന്ന് ഉയര്‍ത്തണമെന്ന് അഭിപ്രായമുണ്ടായി. നഷ്ട പരിഹാരം കണക്കാക്കുന്നതിന് യഥാര്‍ത്ഥ മൂല്യ നിര്‍ണ്ണയം നടത്തണം.
നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ നഷ്ടപ്പെട്ട ഭൂമി, കൃഷി, കെട്ടിടങ്ങള്‍, വീടുകള്‍, വാഹനങ്ങള്‍, മറ്റു ജീവിതോപാധികള്‍ എന്നിവ കൂടി പരിഗണിച്ച് നഷ്ടപരിഹാരം നല്‍കണം.
നോഡല്‍ ഓഫീസറെ നിയമിക്കണം
പുനരധിവാസം പൂര്‍ണ്ണമാകുന്നത് വരെ ഏകോപനത്തിനും ജനങ്ങള്‍ക്ക് ബന്ധപ്പെടാനും ഒരു സീനിയര്‍ ഐ.എ.എസ് ഓഫീസറുടെ നേതൃത്വത്തില്‍ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുകയും അടിസ്ഥാന സൗകര്യങ്ങളോടെയുള്ള ഓഫീസും ജില്ലയില്‍ പ്രവര്‍ത്തനമാരംഭിക്കണം.
അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പക്കണം
മേപ്പാടി പഞ്ചായത്തിലെ ഗതാഗത -ആരോഗ്യ – വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുആവശ്യപ്പെട്ടു.
മേപ്പാടി ചൂരല്‍മല റോഡ് വീതികൂട്ടി നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണം. പുനരധിവാസം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധി മജീദ് ആവശ്യപ്പെട്ടു
പുനരധിവാസം യാതൊരു തരത്തിലുമുള്ള പരാതികള്‍ക്ക് ഇടയില്ലാതെ മാതൃകാപരമായി നടത്തണമെന്ന് സി.പി.ഐ.എം പ്രതിനിധി സി.കെ ശശീന്ദ്രന്‍ പറഞ്ഞു. ടൗണ്‍ഷിപ്പ് നടപ്പാക്കുമ്പോള്‍ ഒരു കുടുംബത്തിന് 50 സെന്റ് സ്ഥലമെങ്കിലും ലഭിക്കുന്ന തരത്തില്‍ നടപ്പാക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആവശ്യപ്പെട്ടു. ദുരന്തവുമായി ബന്ധപ്പെട്ട ഡാറ്റാ ബാങ്ക് തയ്യാറാക്കണം. പുനരധവസിപ്പിക്കുമ്പോള്‍ വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിന് 5 ലക്ഷം അനുവദിക്കണം. പുനരധിവാസ പ്രക്രിയയില്‍ പാടികളില്‍ താമസക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തണം. ദുരന്തത്തെ തുടര്‍ന്ന് ജോലി ചെയ്യാന്‍ സാധിക്കാത്ത തോട്ടം തൊഴിലാളികള്‍ക്ക് വായ്പയായിട്ടല്ലാതെ ശമ്പളം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
മരിച്ചവര്‍. കാണാതായവര്‍, നാശനഷ്ടങ്ങള്‍ എന്നിവ സംബന്ധിച്ച സമ്പൂര്‍ണ്ണ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് ഐ.യു.എം.എല്‍ പ്രതിനിധി .കെ.കെ അഹമ്മദ് ഹാജി ആവശ്യപ്പെട്ടു സാമ്പത്തിക സഹായം 10 ലക്ഷമാക്കി ഉയര്‍ത്തണം.
ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് തുടര്‍ചികില്‍സ ഉറപ്പ് വരുത്തണം. പുനരധിവാസം കാലതാമസമില്ലാതെ നടപ്പാക്കുന്നമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ അഭിപ്രായപ്പെട്ടു. വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, ജനപ്രതിനിധകള്‍, ദുരന്തബാധിതര്‍ എന്നിവര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു.
സര്‍വ്വകഷി യോഗത്തിലെ നിര്‍ദേശങ്ങള്‍ പരിഗണിക്കും
ജനപ്രതിനിധികളും ദുരന്തത്തിനിരയായവരും ഉന്നയിച്ച പ്രധാന ആവശ്യങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും ഇതുകൂടി പരിഗണിച്ചായിരിക്കും പുനരധിവാസത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറക്കുകയെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. വാടക വീടുകളിലേക്ക് മാറിത്താമസിച്ചവര്‍ക്ക് വാടകയുടെ കാര്യത്തില്‍ ആശങ്ക വേണ്ട. ദുരന്ത ബാധിത വാര്‍ഡുകളില്‍ 50 തൊഴിലുറപ്പ് ദിനങ്ങള്‍ കൂടി വര്‍ദ്ധിപ്പിച്ചതായും ചീഫ് സെക്രട്ടറി പറഞ്ഞു. സുതാര്യമായാണ് പുനരധിവാസം സാധ്യമാക്കുക. എല്ലാ വിവരങ്ങളും ലഭ്യമാക്കും. ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കും. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നുണ്ട്. ഡി.എന്‍.എ ഫലം എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് പുറത്ത് വിടുന്നത്. വായ്പകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കും. ഭൂമി നഷ്ടപ്പെട്ടവരുടെ കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തും. ജനങ്ങളില്‍ നിന്ന് ഉയര്‍ന്ന് വന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചായിരിക്കും പുനരധിവാസ പാക്കേജ് തയ്യാറക്കുകയെന്നും ചീഫ് സെകട്ടറിപറഞ്ഞു.
ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, റവന്യൂ- ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, സ്പെഷല്‍ ഓഫീസര്‍ സീറാം സാംബ ശിവ റാവു, ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍എ.ഗീത, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം കെ ദേവകി, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ്, ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ്, മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുകുമാരന്‍, കേരള കോണ്‍ഗ്രസ് പ്രതിനിധി കെ.ജെദേവസ്യ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രതിനിധി ഹാരിസ്ബാഖവി, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
