• മേപ്പാടി എസ്.ഐക്കും സിവിൽ പോലീസ് ഓഫീസർക്കും പരിക്കേറ്റു.

മേപ്പാടി: ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഉപദ്രവിച്ചെന്ന പരാതിപ്രകാരം യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ചെന്ന പോലീസുകാരെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. മേപ്പാടി പോലീസ് സ്റ്റേഷനിലെ എസ്.ഐ പി. രെജിത്ത്, സിവിൽ പോലീസ് ഓഫീസർ എഫ്. പ്രമോദ് എന്നിവരെയാണ് തൃക്കൈപ്പറ്റ, മാമലക്കുന്ന്, സ്വദേശി സദക്കത്തുള്ള(39)ആക്രമിച്ചു പരിക്കേല്പിച്ചത്. എസ്.ഐയുടെ കൈ പിടിച്ച് തിരിക്കുകയും, എസ്.സി.പി.ഒയുടെ മുഷ്ടി ചുരുട്ടി മുഖത്ത് ഇടിക്കുകയും വയറിന് ചവിട്ടുകയും ചെയ്തു. കൈക്ക് പരിക്കേറ്റ എസ്.ഐയും, ചുണ്ടിനും മോണക്കും വയറിനും പരിക്കേറ്റ സി.പി.ഒ യും ആശുപത്രിയിൽ ചികിത്സ തേടി. സദക്കത്തുള്ള ആക്രമിച്ചു പരിക്കേല്പിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതെന്ന ഭാര്യയുടെ പരാതിയിൽ ഇയാൾക്കെതിരെ ഗാർഹീക പീഡനത്തിനും, വധശ്രമത്തിനും കൂടാതെ പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. ഇയാൾ സ്ഥിരമായി മദ്യപിച്ചെത്തി തന്നെയും മാതാവിനെയും നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും, സംഭവം നടന്ന ദിവസം തന്നെ തടഞ്ഞു വച്ച് കഴുത്തിനു കുത്തി പിടിച്ച് കൈ കൊണ്ടും കല്ലിന്റെ ഉരൽ കുട്ടി കൊണ്ടും നെഞ്ചിൽ ഇടിച്ചു പരിക്കേൽപ്പിച്ചെന്നും കത്തി കൊണ്ട് വീശി കൊല്ലാൻ ശ്രമിച്ചെന്നും ഒഴിഞ്ഞു മാറുകയായിരുന്നെന്നും ബിന്ദുവിന്റെ പരാതിയിൽ പറയുന്നു. ബിന്ദുവിന് സുഖമില്ലാത്തതിനെ തുടർന്ന് ഡോക്ടറെ കാണിക്കുന്നതിനായി താനറിയാതെ ബുക്ക് ചെയ്ത വിരോധത്തിലാണ് അക്രമം നടത്തിയത്.

15.09.2025 തിയ്യതി രാത്രിയാണ് സംഭവം. ഭർത്താവ് സദക്കത്തുള്ള തന്നെയും മാതാവിനെയും കൊല്ലാൻ ശ്രമിക്കുന്നെന്നും എത്രയും വേഗം രക്ഷിക്കണം എന്നും എമർജൻസി നമ്പറായ 112 ൽ ബിന്ദു എന്ന യുവതി വിളിച്ചു പറഞ്ഞത് പ്രകാരം തൃക്കൈപ്പറ്റ, മാമലക്കുന്നിലെത്തിയതായിരുന്നു പോലീസ്. ബിന്ദു ഭയപ്പാടോടെ കരഞ്ഞു കൊണ്ട് റോഡിൽ നിൽക്കുന്നത് കണ്ട് അവരോട് കാര്യം തിരക്കിയപ്പോൾ ഭർത്താവ് അവരുടെ വീട്ടിൽ അക്രമാസക്തനായി ഇവരെ കൊല്ലാൻ നിൽക്കുകയാണെന്ന് അറിയിച്ചു. ചോദിക്കാൻ ചെന്ന ബിന്ദുവിന്റെ സഹോദരനെയും ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് അവരോടൊപ്പം വീട്ടിലെത്തിയപ്പോൾ വീട്ടിലുള്ളവരോട് ബഹളം വച്ച് അക്രമാസക്തനായി സിറ്റ് ഔട്ടിൽ നിൽക്കുകയായിരുന്നു സദക്കത്തുള്ള. അവിടെയുണ്ടായിരുന്ന ബിന്ദുവിന്റെ അമ്മയും ഇവനെ എങ്ങനെയെങ്കിലും ഇവിടെ നിന്നും കൊണ്ടു പോകണമെന്നും അല്ലെങ്കിൽ ഇവൻ ഞങ്ങളെ കൊല്ലുമെന്നു പറയുകയും ചെയ്തു.

ഇയാളെ അനുനയിപ്പിക്കുന്നതിനായി എസ്.ഐ സംസാരിക്കുന്നതിനിടെ ഇയാൾ വീണ്ടും അക്രമാസക്തനായി എസ്.ഐയുടെ കൈ പിടിച്ചു തിരിക്കുകയും തള്ളി മാറ്റുകയും വീണ്ടും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച സി.പി.ഒ പ്രമോദിൻ്റെ മുഖത്ത് മുഷ്ടി ചുരുട്ടി ഇടിക്കുകയും കാലുകൊണ്ട് വയറിന് ചവിട്ടി താഴെ ഇടുകയും ചെയ്തു. നിലത്ത് കിടന്ന ഒരു കരിങ്കല്ലെടുത്ത് പ്രമോദിനെ വീണ്ടും അക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് ബലം പ്രയോഗിച്ച് ഇയാളെ പിടികൂടി കീഴ്പ്പെടുത്തി നാട്ടുകാരൻ്റെ സഹായത്തോടെ കല്പറ്റ ഗവ. ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തുകയുമായിരുന്നു. സദക്കത്തുള്ള മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *