ഷെയ്ന്‍ നിഗം നായകനായി ബോക്‌സ് ഓഫീസിലെത്തിയ ചിത്രമാണ് ബള്‍ട്ടി. തമിഴിലും മലയാളത്തിലുമായെത്തിയ ബള്‍ട്ടി സ്‌പോര്‍ട്‌സ് ആക്ഷന്‍ ഡ്രാമയാണ്. അല്‍ഫോണ്‍സ് പുത്രന്‍, സെല്‍വരാഘവന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ശാന്തനു ഭാഗ്യരാജ് തുടങ്ങിയ താരനിരയും അണിനിരന്ന സിനിമ റിലീസ് ദിവസം തന്നെ മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു.

റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോഴേക്കും കയ്യടി നേടാന്‍ ബള്‍ട്ടിയ്ക്ക് സാധിച്ചിട്ടുണ്ട്. റിലീസിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നലെ ബ്ലോക്ബസ്റ്ററായ ലോക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ബള്‍ട്ടി. ഇന്നലെ മാത്രം ബള്‍ട്ടി നേടിയത് 1.76 കോടിയാണ്. ആദ്യ മൂന്ന് ദിവസത്തില്‍ ബള്‍ട്ടി നേടിയത് 3.23 കോടിയാണ്. കേരള ബോക്‌സ് ഓഫീസിലെ മാത്രം കണക്കാണിത്.

ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ ബള്‍ട്ടി കേറിക്കൊളുത്തുമെന്നാണ് കരുതപ്പെടുന്നത്. പൂജ അവധി കൂടി പരിഗണിക്കേണ്ടതുണ്ട്. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ വേലംപാളയം എന്ന ഗ്രാമത്തിലെ യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കബഡിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ആക്ഷന്‍ ചിത്രത്തിലെ ഷെയ്ന്‍ നിഗത്തിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്.

ആക്ഷന്‍ ഹീറോയായുള്ള ഷെയ്‌ന്റെ പ്രകടനം കലക്കിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗം ആണ് സിനിമയുടെ കഥ പറയുന്നത്. ആക്ഷനും പ്രണയവും സൗഹൃദവുമൊക്കെയായി കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആണ് ബള്‍ട്ടിയെന്നാണ് സിനിമ കണ്ടിറങ്ങുന്നവര്‍ പറയുന്നത്. സന്തോഷ് ടി കുരുവിളയും ബിനു ജോര്‍ജുമാണ് സിനിമയുടെ നിര്‍മാണം. സായ് അഭ്യങ്കറാണ് സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *