ന്യൂഡല്‍ഹി: ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം നേരിടുന്ന പ്രമുഖ സാമൂഹിക മാധ്യമമായ ടെലിഗ്രാമിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ട്. അന്വേഷണത്തില്‍ ചൂതാട്ടം, പണം അപഹരിക്കല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നു എന്ന് കണ്ടെത്തിയാല്‍ ടെലിഗ്രാമിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞദിവസം പാരിസില്‍ ടെലിഗ്രാം സിഇഒ പവല്‍ ദുറോവ് അറസ്റ്റിലായതിന് പിന്നാലെയാണ് ഇന്ത്യയിലും ടെലിഗ്രാം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ റഡാറിലാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇന്ത്യയില്‍ ടെലിഗ്രാമിനെതിരെ അന്വേഷണം നടത്തുന്നത് ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവുമാണ്. പണം അപഹരിക്കല്‍, ചൂതാട്ടം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ടെലിഗ്രാം ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നാണ് പ്രധാനമായി അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ടെലിഗ്രാമിനെ നിരോധിക്കണമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *