കൽപ്പറ്റ: സംസ്ഥാനത്തെ പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (കെ.എസ്.പി.എൽ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2019 ജൂലൈയിൽ പരിഷ്കരിച്ച പെൻഷൻ തുകയാണ് ഇപ്പോഴും സർക്കാർ നൽകി കൊണ്ടിരിക്കുന്നത്. അഞ്ചുവർഷത്തിലൊരിക്കൽ പെൻഷൻ തുക പരിഷ്കരിക്കേണ്ടതുണ്ട്. 5 വർഷ തത്വം പാലിച്ച് 2024 ജൂലൈയിൽ നൽകേണ്ട ആനുകൂല്ല്യങ്ങള്‍ 2025 ഒക്ടോബർ ആയിട്ടും സർക്കാർ അംഗീകരിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു.
മെഡിക്കൽ റീ ഇമ്പേഴ്സ്മെൻറ് സംവിധാനം അട്ടിമറിച്ച് നടപ്പാക്കിയ മെഡിസെപ്പ് പദ്ധതി ഗുണപരമല്ല. പരാതി രഹിതമായി നടപ്പാക്കാൻ സർക്കാർ തയാറാവണം.
6 ഗഡുക്കളിലായി 18 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്. അർഹതപ്പെട്ട ക്ഷാമബത്തയുടെ പകുതിയാണ് നിലവിൽ നൽകുന്നത്. മുൻകാല പ്രാബല്ല്യത്തോടെ ക്ഷാമബത്ത അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് എം . ഹമീദ് അധ്യക്ഷത വഹിച്ചു.
ഒക്ടോബർ ഏഴിന് നടക്കുന്ന നിയമസഭാ മാർച്ച് വിജയിപ്പിക്കാനും നവംബർ ഒന്നിന് ജില്ലാ സമ്മേളനം നടത്താനും യോഗം തീരുമാനിച്ചു. വി അബ്ദുറഷീദ്, പി മമ്മൂട്ടി, കെ.അഹമ്മദ്, അബൂ ഗൂഡല്ലായ്, എ.അബ്ദുൽ റസാക്ക്, കെ മുഹമ്മദ് ഷാ, പി പി മുഹമ്മദ്, കെ അബ്ദുറഹിമാൻ സുല്ലമി, പി സുബൈർ, എം മുഹമ്മദ് പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.അബ്ദുൽ കരീം സ്വാഗതവും ട്രഷറർ പി കെ അബൂബക്കർ നന്ദിയും പറഞ്ഞു.
