ഇടവക: പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ “കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എ.എം.എം.ആർ ജി.എച്ച്. എസ്. എസ് നല്ലൂർനാട് ഹോസ്റ്റലിൽ വച്ച് നടന്ന ചടങ്ങിന് എം.സി. ആർ. ടി അഭയാനന്ത് പി സ്വാഗതം ആശംസിച്ചു. വയനാട് ജില്ല വിമുക്തി മാനേജറും അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറുമായ സജിത് ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മാറുന്ന ലോകത്തിനൊപ്പം മുന്നേറാനാവണമെന്ന് വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം “കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും” എന്ന വിഷയത്തിൽ സെമിനാർ നയിക്കുകയും തെറ്റായ ലഹരികളിൽ നിന്ന് വിട്ടു നിന്നാൽ മാത്രമേ വിജ്ഞാനാധിഷ്ഠിത നവ കേരളത്തിലേക്കുള്ള മുന്നേറ്റങ്ങളിൽ പങ്കാളികളാവാൻ കഴിയുകയുള്ളൂ എന്ന് ഉദ്ബോധിപ്പിച്ചു. പാർശ്വവൽകൃത വിഭാഗങ്ങളുടെ ഉന്നമനം കൈവരിക്കാൻ എല്ലാവർക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാനാവണമെന്നും ആഹ്വാനം ചെയ്തു. ഷിജു, മുരളീധരൻ, പ്രശാന്ത്, രഞ്ജിത്ത് സുമിത്ത് മുതലായവർ സംബന്ധിച്ചു. വിദ്യാർത്ഥി പി.ബി. അഭിനവ് നന്ദി പ്രകാശനം നടത്തി.
