പുൽപ്പള്ളി: സമത്വം,സഹാനുഭൂതി, അനുകമ്പ എന്നിവയിൽ അധിഷ്‌ഠിതമായ ശ്രീനാരായണ ഗുരുവിന്റെ സാഹോദര്യമാനവദർശനം ഏതു കാലഘട്ടത്തിലും പ്രസക്തവും അനുയോജ്യവുമാണെന്ന് ശിവഗിരി മഠം സന്യാസി സ്വാമി സുരേശ്വരാനന്ദ പറഞ്ഞു. ഗുരുധർമ്മ പ്രചരണസഭ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന പ്രതിമാസ ചതയ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളുടെയും സാരമായ നന്മകളെ സ്വാംശീകരിച്ച ഗുരുവിന്റെ ദർശനങ്ങളുടെ അന്തസത്തയെ നിത്യജീവിതത്തിൽ അനുഷ്‌ഠിക്കുവാൻ നമുക്ക് കഴിയണം. സാഹോദര്യത്തിൽ അധിഷ്‌ഠിതമായ പുരോഗമന സംസ്‌കാരത്തിന് ഗുരു കേരളത്തിൽ അടിത്തറ പാകി. കേരള നവോത്ഥാനത്തിനും സാമൂഹിക പുരോഗതിക്കും വഴിതെളിച്ച ശ്രീനാരായണ ഗുരുദേവൻ ആധുനിക കേരളത്തിന്റെ സൃഷ്ടാവാണെന്നും സുരേശ്വരാനന്ദ സ്വാമികൾ പറഞ്ഞു.
ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ പ്രസിഡണ്ട് കെ ആർ ജയരാജ് അധ്യക്ഷത വഹിച്ചു. സ്വാമിനി മാതാ നാരായണ ചൈതന്യമയി ഗുരുദേവ കൃതിയായ ജനനി നവരത്ന മഞ്ജരിയെക്കുറിച്ച് ക്ലാസ് എടുത്തു.പുൽപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. എൻ എൻ ചന്ദ്രബാബു സരസു നാരായണൻകുട്ടി കെ ആർ സദാനന്ദൻ എന്നിവർ സംസാരിച്ചു.
