മാനന്തവാടി: സ്കൂളുകളിൽ നടപ്പാക്കുന്ന മാ കെയർ സെന്റർ പദ്ധതി സാധാരണ കുടുംബങ്ങൾക്ക് അനാവശ്യമായ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നുവെന്നും, അതിനാൽ സർക്കാർ ഈ പദ്ധതി പുനഃപരിശോധിക്കണം എന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പദ്ധതി കുട്ടികളിൽ അനാവശ്യമായ ആഡംബര ചിന്തകൾ വളർത്താൻ കാരണമാവുകയാണ്. ഇതിന്റെ ഫലമായി സാധാരണക്കാരായ മാതാപിതാക്കൾക്ക് കനത്ത സാമ്പത്തിക സമ്മർദ്ദം താങ്ങേണ്ടിവരുന്നു.
മാ കെയർ സെന്ററുകളിൽനിന്ന് ലഭിക്കുന്ന ഉൽപ്പന്നങ്ങൾക്കായി കുട്ടികൾ പണത്തിന് വാശി പിടിക്കുന്ന അവസ്ഥയാണ് പലയിടത്തും. വിദ്യാഭ്യാസം നൽകേണ്ട സ്ഥാപനങ്ങളിൽ വ്യാപാര താൽപര്യങ്ങൾ വളർത്തുന്നത് ആശങ്കാജനകമാണ്. പണം നൽകാത്തതിനെത്തുടർന്ന് കുട്ടികൾ പൈസ മോഷ്ടിക്കുന്ന സാഹചര്യംവരെ ഈ പ്രവണത സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
സാധാരണ ജനങ്ങളുടെ ജീവിത സാഹചര്യം പരിഗണിക്കാതെ ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത് ന്യായീകരിക്കാനാവില്ല. അതിനാൽ, മാ കെയർ സെന്റർ പദ്ധതി അടിയന്തരമായി പിൻവലിക്കണം എന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.ടി. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എൻ. ഹംസ, സെക്രട്ടറി എസ്. മുനീർ, മണ്ഡലം വൈസ് പ്രസിഡന്റ് അലി എ. കെ, സെക്രട്ടറി സജീർ എം. ടി, കമ്മിറ്റിയംഗം ആലി പി, പഞ്ചായത്ത് ഭാരവാഹികളായ വി.കെ. മുഹമ്മദലി, സുബൈർ കെ, ശംസുദ്ധീൻ സി. എച്ച്, അബ്‌ദുൽ കരീം കെ, അബു സി. കെ, അസൈനാർ കെ, അബ്‌ദുൽ ഷുക്കൂർ ടി എന്നിവർ സംബന്ധിച്ചു.
