പുൽപ്പള്ളി: ക്ഷീരവികസന വകുപ്പിന്റെ മേൽനോട്ടത്തിൽ പുൽപ്പള്ളി ക്ഷീരസംഘം നടത്തുന്ന കിടാരി പാർക്കിൽ വിൽപ്പന ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. 2022 ഏപ്രിലിൽ ആരംഭിച്ച കിടാരി പാർക്ക് വയനാട്ടിലെ തന്നെ ആദ്യത്തെ കിടാരി പാർക്ക് ആണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ക്ഷീരകർഷകർ കിടാരി പാർക്കിനെ തേടിയെത്തുന്നു. ഇതിൻ്റെ ഭാഗമായാണ് മലബാർ മിൽമയുടെ ‘ഫാം ടൂറിസം’ പദ്ധതിയിൽ കിടാരി പാർക്കും പുൽപ്പള്ളി ക്ഷീര സംഘവും ഇടം നേടിയത്. കിടാരി പാർക്കിൽ നിന്നും വിറ്റഴിച്ച അത്യുൽപാദനശേഷിയുള്ള പശുക്കളിൽ നിന്നും 20 ലിറ്റർ മുതൽ 35 ലിറ്റർ വരെ ആദ്യ പ്രസവത്തിൽ തന്നെ ലഭിക്കുന്നുണ്ടെന്ന് ക്ഷീരകർഷകർ സാക്ഷ്യപ്പെടുത്തുന്നു.
സംഘത്തിന് സ്വന്തമായുള്ള വെറ്റിനറി മെഡിക്കൽ ഷോപ്പും പുൽ കൃഷിയും ഡോക്‌ടറുടെ സേവനവും കിടാരി പാർക്കിൻ്റെ പ്രവർത്തനത്തിന് സഹായകരമാണ്. കിടാരി പാർക്ക് പ്രവർത്തനം തുടങ്ങി ഇതുവരെ 234000 ലിറ്റർ പാൽ മിൽമയ്ക്ക് അയക്കുകയും ഇതിലൂടെ ഒരുകോടി അഞ്ചു ലക്ഷം രൂപയുടെ വരുമാനം ഉറപ്പിക്കാനും സംഘത്തിന് കഴിഞ്ഞു. 6.5 കോടി രൂപയുടെ ഉരുക്കളെ വിൽപ്പന നടത്താനും സാധിച്ചു. കൂടാതെ ചാണകം എം.ആർ.ഡി.എഫ് മുഖാന്തിരം കയറ്റി അയക്കുന്നു. 2023 ൽ ഇത്തരം വൈവിധ്യ വത്കരണത്തിൻ്റെ ഭാഗമായാണ് സംഘത്തിന് ഇന്ത്യയിലെ രണ്ട് ലക്ഷത്തിൽപ്പരം ക്ഷീര സംഘങ്ങളിൽ നിന്ന് ഒന്നാം നമ്പർ സംഘമായി കേന്ദ്ര സർക്കാർ തെരെഞ്ഞെടുക്കുകയും ദേശീയ ഗോപാൽ രത്നന പുരസ്‌കാരത്തിനും അഞ്ചു ലക്ഷം രൂപ ക്യാഷ് െ ്രെപസിനും അർഹമായത്.
2024 ഓഗസ്റ്റിൽ സംഘത്തിൻ്റെ പ്രവർത്തനം ആരംഭിച്ച കൃത്രിമ ബീജദാന കേന്ദ്രത്തിലൂടെ 1000 കുത്തിവെപ്പും പൂർത്തീകരിച്ചിരിക്കുകയാണ്. കുത്തിവയ്ക്കാൻ പ്രത്യേകം പരിശീലനം ലഭിച്ച സംഘത്തിന്റെ ജീവനക്കാരൻ ചുരുങ്ങിയ ചിലവിലാണ് ക്ഷീരകർഷകരുടെ വീടുകളിൽ എത്തി കുത്തിവെപ്പ് നടത്തുന്നത്. കെ. എൽ. ഡി ബോർഡ് ആണ് ബീജം ഉൾപ്പെടെ നൽകി കേന്ദ്രത്തിന് മേൽനോട്ടം വഹിക്കുന്നത്. ഇതിന് മിൽമയുടെ സബ്‌സിഡിയും ലഭിക്കും.
ഒക്ടോബർ16ന് സംഘത്തിൽ എത്തുന്ന ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി 1000-ാ മത്തെ കിടാരിയുടെ വിൽപ്പന നടത്തുമെന്ന് സംഘം പ്രസിഡണ്ട് ബൈജു നമ്പിക്കൊല്ലിയും സെക്രട്ടറി എം ആർ ലതികയും പറഞ്ഞു.
