തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ആരാധകരുമായി പങ്കുവച്ച് റാപ്പർ ഹനുമാൻ കൈൻഡ് (സൂരജ് ചെറുകാട്ട്). ആരോഗ്യനില പൂർവസ്ഥിതിയിലായെന്നും ഫെബ്രുവരി- മാർച്ച് മാസങ്ങളിലായി നോർത്ത് അമേരിക്കൻ പര്യടനം നടത്തുമെന്നും ഹനുമാൻ കൈൻഡ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. “തിരിച്ചുവരുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ. ശരീരവും ആത്മാവും പഴയതു പോലെയാക്കണം.
നിങ്ങളിൽ പലരും എന്റെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ചെങ്കിലും എല്ലാവർക്കും മറുപടി നൽകാൻ എന്നെക്കൊണ്ട് കഴിഞ്ഞില്ല. പക്ഷേ എല്ലാവർക്കും നന്ദി, ഒരുപാട് സ്നേഹം. അടുത്ത വർഷം ഫെബ്രുവരി മുതൽ മാർച്ച് വരെയായിരിക്കും നോർത്ത് അമേരിക്ക ടൂർ നടക്കുക”. – ഹനുമാൻ കൈൻഡ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നിരവധി പേരാണ് ഹനുമാൻ കൈൻഡിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. എത്രയും വേഗം മടങ്ങി വരൂ എന്നാണ് ഭൂരിഭാഗം പേരുടെയും കമന്റുകൾ. യൂറോപ് പര്യടനത്തിന്റെ അവസാന ഷോയിൽ കാലിന്റെ ലിഗമെന്റിന് പരിക്കേറ്റതായി ഹനുമാൻ കൈൻഡ് മുൻപ് അറിയിച്ചിരുന്നു. നോർത്ത് അമേരിക്കയിലുള്ളവരോട് നിർഭാഗ്യകരമായ ഒരു കാര്യം പങ്കുവയ്ക്കാനുണ്ട്.
നിങ്ങൾക്കറിയാവുന്നതു പോലെ അടുത്തിടെ യൂറോപ്യൻ പര്യടനം പൂർത്തിയാക്കി. എന്നാൽ ലണ്ടനിലെ അവസാന ഷോയിൽ വച്ച് എന്റെ വലതു കാൽമുട്ടിലെ ലിഗമെന്റിന് പരിക്കേറ്റു. ശസ്ത്രക്രിയ മാത്രമാണ് ഏക പരിഹാരം. ഈ മാസം തന്നെ ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ട് ഓഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിൽ എനിക്ക് യാത്ര ചെയ്യാനും പരിപാടി നടത്താനും കഴിയില്ല.
കാലിന് സുഖം പ്രാപിക്കാനും ഏറ്റവും മികച്ച സംഗീത പരിപാടികൾ ചെയ്യാനും വിശ്രമം ആവശ്യമാണ്. നിങ്ങൾക്ക് 100 ശതമാനവും നൽകുന്നത് മാത്രമാണ് ശരി’, എന്നാണ് ഹനുമാൻ കൈൻഡ് കുറിച്ചത്. ബിഗ് ഡോഗ്സ് എന്ന ഒറ്റ ട്രാക്കിലൂടെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ റാപ്പർ ആണ് ഹനുമാൻ കൈൻഡ്.
