തൃശ്ശൂര്‍: ഇരിങ്ങാലക്കുട സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമിച്ച സംഭവത്തില്‍ അക്രമിക്കെതിരെ പെറ്റിക്കേസ് മാത്രം ചുമത്തി വിട്ടയച്ചു. കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയെ പരാതി ലഭിക്കാത്തതിനാലാണ് പൊലീസ് വിട്ടയച്ചത്. മദ്യപിച്ച് ശല്യം ചെയ്‌തെന്ന നിലയില്‍ പെറ്റിക്കേസ് മാത്രമാണ് പ്രതിയായ പാലക്കാട് സ്വദേശിക്കെതിരെ ചുമത്തിയത്.

ട്രെയിനില്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ പതിവുള്ള മെമ്മോ നല്‍കിയിട്ടില്ലെന്നും അതിനാലാണ് പെറ്റിക്കേസില്‍ ഒതുങ്ങാന്‍ കാരണമെന്നുമാണ് റെയില്‍വേ പൊലീസിന്റെ വിശദീകരണം. സംഭവത്തില്‍ മൊഴിയെടുപ്പ് ബുധനാഴ്ച നടന്നേക്കും. എന്നാല്‍ ഓടുന്ന ട്രെയിനില്‍നിന്നു തള്ളിയിടാനുള്ള ശ്രമത്തെത്തുടര്‍ന്ന് കടുത്ത മാനസികാഘാതത്തിലായിരുന്നെന്നും ഇതുമൂലമാണ് രേഖാമൂലം പരാതി നല്‍കാതെ വീട്ടിലേക്ക് മടങ്ങിയതെന്നുമാണ് എറണാകുളത്തെ സ്‌ക്വാഡ് ഇന്‍സ്‌പെക്ടറായ എ സനൂപ് പറയുന്നത്. കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ അടുത്തദിവസം തന്നെ നേരിട്ടെത്തി മൊഴി നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സനൂപ് വ്യക്തമാക്കി.

വര്‍ക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികന്‍ യുവതിയെ ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ട സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് ഞായറാഴ്ചയാണ് ഈ സംഭവം നടന്നത്. സംഭവത്തില്‍ എ സനൂപിന് കൈയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി തിരുവനന്തപുരത്തുനിന്ന് ഷാലിമാറിലേക്ക് പുറപ്പെട്ട ഗുരുദേവ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ മദ്യപിച്ച് ബഹളം വയ്ക്കുന്നതുകണ്ട് പിടികൂടിയപ്പോള്‍ അക്രമി ജനറല്‍ ടിക്കറ്റിലാണ് യാത്രയെന്ന് മനസ്സിലായി. തുടര്‍ന്ന് ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് മാറണമെന്നാവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ടിടിഇയുടെ കൈയില്‍ പിടിച്ചുവലിച്ച് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചത്.

തൃശ്ശൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സനൂപ് റെയില്‍വേ പൊലീസില്‍ വിവരമറിയിച്ച് സ്വയം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പ്രാഥമിക ചികിത്സ നേടിയശേഷം എറണാകുളത്തേക്ക് പോയി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *