കാവുംമന്ദം: പതിറ്റാണ്ടുകളായുള്ള യുവജനങ്ങളുടെയും കായിക പ്രതിഭകളുടെയും സ്വപ്നം യാഥാർത്ഥ്യമാക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്തിൽ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വില കൊടുത്തു വാങ്ങിയ സ്ഥലത്ത് അഡ്വ ടി സിദ്ദീഖ് എംഎൽഎ അനുവദിച്ച 50 ലക്ഷം രൂപയും കായിക വകുപ്പിന് കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ അനുവദിച്ച 50 ലക്ഷം രൂപയും ചേർത്ത് ഒരു പഞ്ചായത്തിൽ ഒരു കളി സ്ഥലം എന്ന പദ്ധതിയിലൂടെ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കമാകുന്നത്. സ്റ്റേഡിയത്തിന്റെ ലോഞ്ചിംഗ് പരിപാടി അഡ്വ ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെഎം ഫ്രാൻസിസ് മുഖ്യാതിഥിയായി. നിരവധി സംസ്ഥാന ദേശീയ താരങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ടെങ്കിലും പ്രദേശത്ത് സ്വന്തമായി ഒരു കളിസ്ഥലം ഇല്ലാത്തത് പരിശീലനത്തിനും മത്സര പരിചയങ്ങൾക്കും വലിയ വിഘാതം സൃഷ്ടിച്ചിരുന്നു. പൊതുവായുള്ള കായിക മത്സരങ്ങളും പരിശീലന പരിപാടികളും നടത്താൻ ആശ്രയിക്കുന്നത് വിവിധ സ്കൂൾ ഗ്രൗണ്ടുകൾ ആണ്. സ്കൂൾ പ്രവർത്തി ദിനങ്ങളിലും സ്കൂളിൻറെ തായ പരിപാടികൾ ഉള്ളപ്പോഴും ഇത്തരം പരിപാടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ സ്വന്തമായി ഒരു സ്റ്റേഡിയം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കായിക വകുപ്പിന് കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനാണ് ഇതിൻറെ നിർവഹണ ചുമതല. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം മുഹമ്മദ് ബഷീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ മടത്തുവയൽ, സൂനാ നവീൻ, ബീനാ റോബിൻസൺ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എം എ ജോസഫ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബഷീർ പുള്ളാട്ട്, അസിസ്റ്റൻറ് എൻജിനീയർ ബിജു ബി, കായിക പ്രതിനിധി ഷമീർ പുതുക്കളം, മൊയ്തീൻ മഞ്ചപ്പുള്ളി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി വട്ടത്തറ, അബൂബക്കർ സിദ്ദീഖ്, എ ഡി ജോൺ, പി എ ഷമീർ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗം വത്സല നളിരാക്ഷൻ നന്ദിയും പറഞ്ഞു
