കണ്ണൂര്‍: വടക്കന്‍ മലബാറിലെ കാവുകളില്‍ തെയ്യക്കാലമാണ്. പുരാതന ആചാരത്തെ ചേര്‍ത്തുപിടിക്കുന്ന കലാരൂപമാണ് തെയ്യം. എന്നാല്‍ സമീപകാലത്ത് റീലുകളും വിഡിയോകളും പകര്‍ത്താന്‍ വ്‌ലോഗര്‍മാരുടേയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റേയും തള്ളിക്കയറ്റമാണ്. ഇത്തവണ തെയ്യം അരങ്ങേറുന്ന ‘തിരുമുറ്റ’ത്തിനുള്ളില്‍ ഫോട്ടോഗ്രാഫിയും വിഡിയോയും നിയന്ത്രിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ക്ഷേത്രഭരണകൂടങ്ങള്‍.

ഒക്ടോബര്‍ 27നാണ് ഈ വര്‍ഷത്തെ തെയ്യക്കാലം ആരംഭിച്ചത്. കൂത്തുപറമ്പ് കാവില്‍ ഇത്തരത്തില്‍ ഒരു അനിഷ്ടസംഭവവും അരങ്ങേറി. വിഡിയോ ചിത്രീകരിക്കാനുള്ള തിരക്ക് കലാശിച്ചത് സംഘര്‍ഷത്തിലാണ്. മുമ്പ് തെയ്യപ്രേമികളും ഭക്തരും മാത്രമാണ് ഈ കാവുകള്‍ സന്ദര്‍ശിച്ചിരുന്നത്. സോഷ്യല്‍ മീഡിയയിലെ തെയ്യം വിഡിയോകളുടെ അതിപ്രസരവും പ്രത്യേക ടൂര്‍ പാക്കേജുകളുടെ വര്‍ധനവും വിനോദ സഞ്ചാരികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളും ഉള്‍പ്പെടെ ഇവിടേയ്ക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. ചെറിയ കാവുകളില്‍ പോലും തിരക്ക് നിയന്ത്രണാതീതമാണ്.

വ്‌ലോഗര്‍മാര്‍ ആചാരപരമായ സ്ഥലത്ത് അതിക്രമിച്ച് കയറി വിഡിയോ ചിത്രീകരണം നടത്തുന്നുണ്ടെന്നും ഇത് ഗുരുതരമായ സുരക്ഷാ പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നുമാണ് ക്ഷേത്ര ഭരണകൂടങ്ങള്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ നിയന്ത്രണം അനിവാര്യമാണെന്നും അവര്‍ പറയുന്നു. നിരവധി കാവുകള്‍ ഉത്സവ നോട്ടീസില്‍ വിഡിയോഗ്രാഫി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെടാറുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *