ദുൽഖർ സൽമാൻ ചിത്രം കാന്ത റിലീസിനൊരുങ്ങുകയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലൊരുങ്ങുന്ന ചിത്രം ഈ മാസം 14 നാണ് റിലീസിനെത്തുക. ദുൽഖറിനൊപ്പം സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗുബതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു.
തന്റെ സിനിമാ ജീവിതത്തെ കാന്തയ്ക്ക് മുൻപും ശേഷവും എന്ന് തരംതിരിക്കാം എന്ന് പറയുകയാണിപ്പോൾ നടൻ സമുദ്രക്കനി. കാന്ത ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എന്റെ യാത്രയെ കാന്തയ്ക്ക് മുൻപും ശേഷവും എന്ന് തരംതിരിക്കാം.
അങ്ങനെയൊരു സിനിമയാണിത്. ഇതുപോലെയുള്ള സിനിമകൾ കാലത്തിന് ശേഷവും നിലനിൽക്കും. സുബ്രഹ്മണ്യപുരം എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിന് ശേഷം പുറത്തിറങ്ങിയപ്പോൾ എനിക്കൊരു പനി പോലെ തോന്നി. അതേ വികാരമാണ് എനിക്കിപ്പോൾ. ഇതുപോലെയുള്ള ചില സിനിമകൾ കാലത്തിന് ശേഷവും നിലനിൽക്കും.
ഇങ്ങനെയൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. കാന്തയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്, അതുപോലെ ദുൽഖറിനൊപ്പം അഭിനയിക്കാൻ ആയതിലും. ഭാഗ്യശ്രീ, റാണ, സെൽവ എല്ലാവർക്കുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും അഭിമാനമാണ്. ചില സിനിമകൾ നമ്മളെ ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ ഒന്നും സമ്മതിക്കില്ല.
ഇതിന്റെ സ്ക്രിപ്റ്റ് വായിച്ച ശേഷം ഞാൻ ഇങ്ങനെയായിരുന്നു. ഊണില്ല, ഉറക്കമില്ല ഇങ്ങനെ കറങ്ങി നടക്കും. എട്ട് മാസത്തോളം ഞാൻ പകുതി മീശയുമായി നടന്നു. ഞാൻ എവിടെ പോയാലും കൈ വച്ച് മുഖം മറച്ചു വയ്ക്കും, ആളുകളോട് ഫോട്ടോ എടുക്കരുത് എന്ന് പറയുമായിരുന്നു”.- സമുദ്രക്കനി പറഞ്ഞു. അയ്യ എന്ന കഥാപാത്രത്തെയാണ് സമുദ്രക്കനി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
