കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലെ മുള്ളന്‍കൊല്ലി ഡിവിഷനില്‍ ജയിച്ചുകയറാന്‍ വാശിയോടെ മുന്നണികള്‍. കോണ്‍ഗ്രസിന് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ്, എന്‍ഡിഎ നീക്കം. സമീപകാലത്ത് സംസ്ഥാനതലത്തില്‍ത്തന്നെ ശ്രദ്ധ നേടിയതാണ് മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക്. പാടിച്ചിറയില്‍ നടത്തിയ വികസന സെമിനാറിലെ സംഘര്‍ഷം, പോര്‍ച്ചില്‍ കാറിനടിയില്‍ കര്‍ണാടക നിര്‍മിത മദ്യവും സ്‌ഫോടകവസ്തുക്കളും വച്ച് വാര്‍ഡ് കമ്മിറ്റി അധ്യക്ഷനെ കേസില്‍ക്കുടുക്കല്‍, പഞ്ചായത്ത് ഭരണസമിതി അംഗത്തിന്റെ ആത്മഹത്യ… ഇങ്ങനെ നീളുന്നതാണ് മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസിനെ പിടിച്ചുലച്ച സമീപകാല സംഭവങ്ങള്‍. ഇതിന്റെ അലയൊലികള്‍ പാര്‍ട്ടിയുടെ താഴെതട്ടിലടക്കം നിലച്ചിട്ടില്ല. അതിനാല്‍ത്തന്നെ പട്ടികവര്‍ഗ സംവരണ ഡിവിഷനായ മുള്ളന്‍കൊല്ലി ആഞ്ഞുതുഴഞ്ഞാല്‍ പിടിച്ചെടുക്കാമെന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി. എന്‍ഡിഎയും വലിയ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. എന്നാല്‍ ഒട്ടും പതറാതെയാണ് യുഡിഎഫിന്റെ നില്‍പ്പ്. ആന പിടിച്ചാലും ഡിവിഷന്‍ മറ്റെവിടേക്കും ചായില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷം.
പനമരം ബ്ലോക്കിലെ പാടിച്ചിറ ഡിവിഷനില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍പ്പെട്ട ചേലൂര്‍, മരക്കടവ്, കബനിഗിരി, പാടിച്ചിറ, പാറക്കവല, സീതാമൗണ്ട്, ചന്ത്രോത്തുകൊല്ലി, ശുശുമല, പാറക്കടവ്, കാപ്പിസെറ്റ്, ആലത്തൂര്‍, സുരഭിക്കവല, വടാനക്കവല, മുള്ളന്‍കൊല്ലി, മാടല്‍, നടവയല്‍ ഡിവിഷനിലെ കണിയാമ്പറ്റ പഞ്ചായത്തിലുള്ള നെല്ലിയമ്പം, കാവടം, നടവയല്‍, പൂതാടി പഞ്ചായത്തിലെ നടവയല്‍, കോട്ടവയല്‍, ചീങ്ങോട്, ചെറുകുന്ന്, പനമരം പഞ്ചായത്തിലെ നടവയല്‍, പുല്‍പ്പള്ളി ഡിവിഷനിലെ പുല്‍പ്പള്ളി പഞ്ചായത്തിലുള്ള മീനംകൊല്ലി, താന്നിത്തെരുവ്, പാലമൂല, ആടിക്കൊല്ലി, എരിയപ്പള്ളി, കോളറാട്ടുകുന്ന്, മൂഴിമല വാര്‍ഡുകള്‍ ചേരുന്നതാണ് മുള്ളന്‍കൊല്ലി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍.
കോണ്‍ഗ്രസിലെ ഗിരിജ കൃഷ്ണനാണ് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. ദീര്‍ഘകാലമായി പൊതുരംഗത്തുള്ള ഇവര്‍ പാടിച്ചിറ ചേലൂര്‍ സ്വദേശിയും പട്ടികവര്‍ഗത്തിലെ കുറുമ സമുദായാംഗവുമാണ്. മുള്ളന്‍കൊല്ലി പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും കാലാവധി പൂര്‍ത്തിയായ പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റുമാണ് ഈ 44 കാരി. ഡിവിഷന്റെ വിവിധ ഭാഗങ്ങളില്‍ സുപരിചിതയായ ഗിരിജയുടെ വിജയം സുനിശ്ചിതമാണെന്നാണ് യുഡിഎഫ് നേതാക്കളുടെ പക്ഷം.
എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ്-എമ്മിനു നല്‍കിയതാണ് മുള്ളന്‍കൊല്ലി ഡിവിഷന്‍. മുള്ളന്‍കൊല്ലി ഇരുപ്പൂടില്‍നിന്നുള്ള കെ.പി. സൂര്യമോളാണ് രണ്ടില ചിഹ്നത്തില്‍ ജനവിധി തേടുന്നത്. ട്രൈബല്‍ പ്രമോട്ടറായിരുന്ന സൂര്യമോള്‍ കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റിയംഗവും കേരള ദളിത്ഫ്രണ്ട്-എം ജില്ലാ സെക്രട്ടറിയുമാണ്. കുറുമ സമുദായാംഗമാണ്. 27കാരിയായ സൂര്യമോള്‍ ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇവരുടെ വിജയത്തിന് കഠിന പരിശ്രമത്തിലാണ് ഡിവിഷനിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. ഡിവിഷനില്‍ സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും ഭവന സന്ദര്‍ശനമടക്കം നടത്തിവരികയാണ്.
പട്ടികവര്‍ഗ മോര്‍ച്ച് സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറയാണ് മുള്ളന്‍കൊല്ലിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. എബിവിപിയിലൂടെ പൊതുരംഗത്ത് എത്തിയ ഇദ്ദേഹം കണിയാമ്പറ്റ പള്ളിയറ കുറിച്യത്തറവാട് അംഗമാണ്. 50കാരനായ മുകുന്ദന്‍ യുവമോര്‍ച്ച കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ്, യുവ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി, ബിജെപി കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി, എസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു. പ്രാദേശിക വികസന വിഷയങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണ് മൂന്നു മുന്നണികളും വോട്ടര്‍മാരുടെ മനസില്‍ ഇടംപിടിക്കാന്‍ ശ്രമിക്കുന്നത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *