കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കല്‍പ്പറ്റ നഗരസഭയില്‍ വിജയ പ്രതീക്ഷയില്‍ ഇടത്, വലത് മുന്നണികള്‍. നഗരസഭയില്‍ യുഡിഎഫ് ഭരണം തുടരുമെന്നാണ് കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് നേതാക്കളുടെ വാദം. എന്നാല്‍ കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ഭൂരിപക്ഷം ഇക്കുറി നേടുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു. രൂപീകരണകാലം മുതല്‍ എല്‍ഡിഎഫ് നിയന്ത്രണത്തിലായിരുന്ന നഗരസഭ 2010ലാണ് യുഡിഎഫ് ആദ്യമായി പിടിച്ചത്. ജനതാദള്‍ യുഡിഎഫിന്റെ ഭാഗമായാണ് ഇതിന് വഴിയൊരുക്കിയത്. 28 ഡിവിഷനുകളില്‍ 21 ഉം യുഡിഎഫ് നേടി. 2015ല്‍ യുഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നെങ്കിലും ജനതാദള്‍ മുന്നണി വിട്ടതോടെ ഭരണം എല്‍ഡിഎഫിന്റെ കൈകളിലായി. 2020ല്‍ 15 ഡിവിഷനുകളില്‍ വിജയിച്ച് യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചു.
പുതുതായി രൂപീകരിച്ച ഗൂഡലായ്, കേന്ദീയവിദ്യാലയം ഉള്‍പ്പെടെ 30 ഡിവിഷനുകളാണ് നിലവില്‍ നഗരസഭയില്‍. ഇതില്‍ 18 എണ്ണത്തിലാണ് എല്‍ഡിഎഫ് വിജയം കണക്കുകൂട്ടുന്നത്. ആകെ ഡിവിഷനുകളില്‍ നാലെണ്ണത്തില്‍ സിപിഐയും ആറ് എണ്ണത്തില്‍ ആര്‍ജെഡിയും മറ്റുള്ളവയില്‍ സിപിഎമ്മുമാണ് മത്സരിക്കുന്നത്. 20 ഡിവിഷനുകള്‍ യുഡിഎഫ് നേടുമെന്നാണ് കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് 18 ഉം മുസ്‌ലിംലീഗ് 12 ഉം ഡിവിഷനുകളിലാണ് മത്സരിക്കുന്നത്. നഗരസഭയില്‍ 22 ഡിവിഷനുകളില്‍ ബിജെപിയും ജനവിധി തേടുന്നുണ്ട്. കാലാവധി പൂര്‍ത്തിയായ കൗണ്‍സിലില്‍ മുസ്‌ലിംലീഗിന് ഒമ്പതും കോണ്‍ഗ്രസിന് ആറും അംഗങ്ങളാണ് ഉള്ളത്.
മണിയങ്കോട്, പുളിയാര്‍മല, മുണ്ടേരി, നെടുങ്ങോട്, കന്യാഗുരുകുലം, സിവില്‍സ്റ്റേഷന്‍, ഗൂഡലായ്ക്കുന്ന്, പള്ളിത്താഴെ, പുതിയസ്റ്റാന്‍ഡ്, റാട്ടക്കൊല്ലി, കേന്ദ്രീയ വിദ്യാലയം, ഓണിവയല്‍, എടഗുനി, പുത്തൂര്‍വയല്‍, പെരുന്തട്ട, തുര്‍ക്കി, കൈനാട്ടി, അഡ്‌ലൈഡ് ഡിവിഷനുകളിലാണ് എല്‍ഡിഎഫിന് ശുഭപ്രതീക്ഷ. എമിലി, എമിലിത്തടം, കുട്ടിക്കുന്ന്, അമ്പിലേരി, ഗ്രാമത്തുവയല്‍, പുല്‍പ്പാറ, കേന്ദ്രീയ വിദ്യാലയം, മരവയല്‍, തുര്‍ക്കി, പുതിയ സ്റ്റാന്‍ഡ്, ഗവ.ഹൈസ്‌കൂള്‍ മുണ്ടേരി, കന്യാഗുരുകുലം, മുനിസിപ്പല്‍ ഓഫീസ്, പെരുന്തട്ട, വെള്ളാരംകുന്ന്, അഡ്‌ലെയ്ഡ്, ഓണിവയല്‍, റാട്ടക്കൊല്ലി എന്നിവയാണ് യുഡിഎഫ് വിജയം അവകാശപ്പെടുന്ന ഡിവിഷനുകളില്‍. യുഡിഎഫും എല്‍ഡിഎഫും ഒരേപോലെ വിജയം പ്രതിക്ഷിക്കുന്നാണ് ഇതില്‍ ചില ഡിവിഷനുകള്‍. എടഗുനി, പുളിയാര്‍മല, ഗുഡലായ്, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ ഏതാനും ഡിവിഷനുകളില്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്നു ഇരു പക്ഷവും പറയുന്നു. ഗൂഡലായ്, തുര്‍ക്കി, എമിലി, പുല്‍പ്പാറ, പുതിയ സ്റ്റാന്‍ഡ് ഡിവിഷനുകളില്‍ സ്വന്തന്ത്ര സ്ഥാനാര്‍ഥികളുണ്ട്. ഇവര്‍ യഥാര്‍ഥത്തില്‍ യുഡിഎഫ് വിമതരാണെന്നാണ് എല്‍ഡിഎഫ് പക്ഷം. നഗരസഭയില്‍ മുസ്‌ലിം ലീഗ് ആറ് ഡിവിഷനുകളിലാണ് കോണി അടയാളത്തില്‍ മത്സരിക്കുന്നത്. ആറിടങ്ങളില്‍ കുടയാണ് ചിഹ്നം. ഇത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആയുധമാക്കുന്നുണ്ട്. പുളിയാര്‍മല ബിജെപി വിജയം പ്രതീക്ഷിക്കുന്ന ഡിവിഷനുകളില്‍ ഒന്നാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫ് വോട്ടര്‍മാരെ സമീപിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവും നഗരസഭ മുന്‍ ചെയര്‍മാനുമായ കെയെംതൊടി മുജീബ് പറഞ്ഞു. വ്യക്തിഗത ആനുകൂല്യങ്ങള്‍ മുഴുവന്‍ അപേക്ഷകര്‍ക്കും ലഭ്യമാക്കാന്‍ യുഡിഎഫ് ഭരണസമിതിക്കു കഴിഞ്ഞു. നഗര സൗന്ദര്യവത്കരണം, മാലിന്യ സംസ്‌കരണം, സൗജന്യ കുടിവെള്ള കണക്ഷന്‍ തുടങ്ങിയവ വോട്ടര്‍മാരെ യുഡിഎഫുമായി കൂടുതല്‍ ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ട്. അഴിമതിയുടെ പേരില്‍ സമരം സംഘടിപ്പിക്കാന്‍ യുഡിഎഫ് ഭരണസമിതി എല്‍ഡിഎഫിന് അവസരം നല്‍കിയിട്ടില്ലെന്നും മുജീബ് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളും യുഡിഎഫ് ഭരണത്തില്‍ നഗരസഭയിലുണ്ടായ വികസന മുരടിപ്പുമാണ് സമ്മതിദായകര്‍ക്കിടയില്‍ പ്രധാനമായും ചര്‍ച്ചയാക്കുന്നതെന്നു എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. ചെയര്‍മാന്‍ സ്ഥാനം പട്ടികവര്‍ഗത്തിനു സംവരണം ചെയ്തതാണ് കല്‍പ്പറ്റ നഗരസഭ

By ONLINE

Leave a Reply

Your email address will not be published. Required fields are marked *