കല്‍പ്പറ്റ: എറണാകുളം കാക്കനാട് കരിമുകളിലെ മില്ലില്‍നിന്നു 2021 ജൂണില്‍ പിടിച്ചെടുത്ത 54 കഷണം ഈട്ടിയുടെ ഉറവിടം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കണ്ടെത്താനാകാതെ വനം വകുപ്പ്. വയനാട് ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ.ജോസഫ് മാത്യുവിന് വിവരാവകാശ നിയമപ്രകാരം സൗത്ത് വയനാട് ഡിഎഫ്ഒയുടെ കാര്യായലത്തില്‍നിന്നു ഈയിടെ ലഭിച്ച മറുപടിയിലാണ് തടികള്‍ എവിടെനിന്നു മുറിച്ച മരങ്ങളുടേതാണെന്നു സ്ഥിരീകരിക്കാനായില്ലെന്നു വിശദമാക്കുന്നത്. വാഴവറ്റ സ്വദേശികളായ അഗസ്റ്റിന്‍ സഹോദരന്‍മാരെ ഈട്ടിമുറിയുമായി ബന്ധപ്പെട്ട വനം, പോലീസ് കേസുകളില്‍ എന്തിനു 60 ദിവസം ജയിലില്‍ കിടത്തിയെന്ന ചോദ്യവും ഇതിനിടെ ഉയരുകയാണ്.
മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യു പട്ടയഭൂമികളില്‍ നടന്ന അനധികൃത ഈട്ടിമുറിയുമായി ബന്ധപ്പെട്ട് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ 2021 ഫെബ്രുവരി എട്ടിന് രജിസ്റ്റര്‍ ചെയ്ത ഒആര്‍ 1/2021 നമ്പര്‍ കേസിലാണ് വനം വകുപ്പ് 54 കഷണം ഈട്ടിയും ഇത് കടത്താനുപയോഗിച്ച കെഎല്‍ 19 2765 നമ്പര്‍ ലോറിയും കസ്റ്റഡിയിലെടുത്തത്. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നിര്‍ദേശപ്രകാരമായിരുന്നു റേഞ്ച് ഓഫീസറുടെ നടപടി. മതിയായ രേഖകളില്ലാതെ 2021 ഫെബ്രുവരി മൂന്നിന് വാഴവറ്റയില്‍നിന്നു കയറ്റി പിറ്റേന്ന് കാക്കനാട് കരിമുകളില്‍ ഇറക്കിയ ഈട്ടിത്തടികളാണ് പിടിച്ചെടുത്തതെന്നാണ് വനം വകുപ്പ് അറിയിച്ചത്. വാഴവറ്റയില്‍നിന്നുള്ള ലോഡിന്റെ പരിശോധന ചെക്‌പോസ്റ്റുകളില്‍ നടന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
കസ്റ്റഡിയിലെടുത്ത ഈട്ടിത്തടികള്‍ വന നിയമം 61 എ പ്രകാരം കണ്ടുകെട്ടിയിട്ടില്ല. കേസില്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളില്‍ 2020 നവംബര്‍, ഡിസംബര്‍, 2021 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടന്ന അനധികൃത ഈട്ടിമുറിക്കേസുകളിലും കുറ്റപത്രമായില്ല. ഒആര്‍ 01/2021 മുതല്‍ 43/2021 വരെ കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിക്കാനുള്ളത്. കുറ്റപത്ര സമര്‍പ്പണം അനിശ്ചിതമായി നീളുന്നതിനു കാരണം വനം വകുപ്പ് വ്യക്തമാക്കുന്നില്ല.
അനധികൃത മരംമുറിക്ക് വയനാട് കളക്ടറുടെ നിര്‍ദേശപ്രകാരം 2021 ജൂണ്‍ മൂന്നിന് വൈത്തിരി തഹസില്‍ദാര്‍ നല്‍കിയ പരാതിയില്‍ മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത 281/2021 നമ്പര്‍ കേസില്‍ 2023 ഡിസംബര്‍ രണ്ടിനു ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി നിയമത്തിലെ വകുപ്പ് 3(1) അനുസരിച്ചുമായിരുന്നു കുറ്റപത്രം.
എറണാകുളത്തുനിന്നു കസ്റ്റഡിലെടുത്ത തടികളുടെ ഉറവിടം ഇതുവരെയും കണ്ടെത്താന്‍ വനം വകുപ്പിനു കഴിയാത്തത് ഗുരുതര വീഴ്ചയായി വ്യാഖ്യാനിക്കുന്നവര്‍ പൊതുരംഗത്തുണ്ട്. കുറ്റപത്രം സമര്‍പ്പിക്കാത്തത് ചോദ്യം ചെയ്ത് പ്രതികള്‍ കോടതിയെ സമീപിച്ചാല്‍ വനം വകുപ്പ് വിയര്‍ക്കേണ്ടിവരുമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.
