കോട്ടയം: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൊതു വേദിയില്‍ അവഗണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പെരുന്നയില്‍ എന്‍എസ്എസ് സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷ പരിപാടിക്കിടെയാണ് പാലക്കാട് എംഎല്‍എയെ കണ്ടഭാവം നടിക്കാതെ ചെന്നിത്തല കടന്നുപോയത്. മാധ്യമങ്ങളുടെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ചടങ്ങിലേക്ക് കടന്നു വന്ന രമേശ് ചെന്നിത്തലയെ കണ്ട് നേരത്തെ തന്നെ സദസില്‍ ഉണ്ടായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ രമേശ് ചെന്നിത്തല കണ്ടെങ്കിലും ഗൗനിക്കാതെ നടന്നുനീങ്ങുകയും ചെയ്തു. മന്നം ജയന്തി പരിപാടിയില്‍ പി ജെ കുര്യന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി സി വിഷ്ണുനാഥ്, എം കെ രാഘവന്‍ തുടങ്ങിയ നേതാക്കള്‍ ഇരുന്ന നിരയില്‍ തന്നെയായിരുന്നു രാഹുലും ഇരുന്നത്.

അതേസമയം, പി ജെ കുര്യനുമായി രാഹുല്‍ മാങ്കൂട്ടം നടത്തിയ സംഭാഷണവും ശ്രദ്ധേയമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് പുതിയ സ്ഥാനാര്‍ഥിയെ നിര്‍ത്തും എന്ന പിജെ കുര്യന്റെ പ്രസ്താവനയക്ക് പിന്നാലെയായിരുന്നു ഇരുവരുടെയും സംഭാഷണം. ഇതിന് പിന്നാലെ നിലപാട് തിരുത്തി പിജെ കുര്യന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റും പങ്കുവച്ചു. സീറ്റ് നല്‍കരുതെന്ന് പറഞ്ഞിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് ഞാന്‍ പറഞ്ഞെന്ന പ്രചരണം ശരിയല്ല. രാഹുല്‍ മാങ്കൂട്ടത്തിന് സീറ്റ് കൊടുക്കരുതെന്ന അഭിപ്രായം ഞാന്‍ പറഞ്ഞിട്ടില്ല. മറ്റു സ്ഥാനാര്‍ഥികള്‍ നിന്നാല്‍ ജയിക്കുമോ എന്ന ചോദ്യത്തിന് ആരു നിന്നാലും ജയിക്കും എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത് എന്ന വിവരം അറിയിക്കുന്നു. എന്നായിരുന്നു കുറിപ്പ്. മറ്റുള്ള പ്രചരണം ശരിയല്ലെന്നും പി ജെ കുര്യന്‍ വിശദീകരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *