കല്‍പ്പറ്റ: വിഖ്യാത പരിസ്ഥിതി വിദഗ്ധന്‍ പ്രഫ.മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തില്‍ സിപിഐ(എംഎല്‍)റെഡ് സ്റ്റാര്‍ വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള സമഗ്ര പഠനത്തിലും പരിസ്ഥിതി സംരക്ഷണത്തില്‍ പൊതുബോധം സൃഷ്ടിക്കുന്നതിലും അടിത്തട്ട് പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ പരിസ്ഥിതി വിദഗ്ധനായിരുന്നു പ്രഫ.ഗാഡ്ഗിലെന്ന് യോഗം അനുസ്മരിച്ചു.
പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിയാതെ വികസന പദ്ധതികള്‍ നടപ്പാക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ലാഭ താത്പര്യങ്ങളില്‍ ഊന്നിയുള്ള അശാസ്ത്രീയ ഇടപെടലുകളെ പ്രഫ.ഗാഡ്ഗില്‍ എതിര്‍ത്തു.അശാസ്ത്രീയ ഇടപെടലുകള്‍ പശ്ചിമഘട്ട പര്‍വതനിരകളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വസ്തുതാപരമായ സൂചനകളും നിര്‍ദേശങ്ങളുമായിരുന്നു 2011ലെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ വയനാട് പുഞ്ചിരിമട്ടം ഉരുള്‍ പൊട്ടലിന്റെ പശ്ചാത്തലത്തിലും പരിസ്ഥിതി സംരക്ഷണത്തിനു ജനകീയ ചെറുത്തുനില്‍പ്പുകള്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രഫ.ഗാഡ്ഗിലിന്റെ വേര്‍പാട് ജനകീയ ശാസ്ത്ര ലോകത്തിന് കനത്ത ആഘാതമാണെന്ന് യോഗം വിലയിരുത്തി. സെക്രട്ടറി കെ.പി. പ്രകാശ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
