ബത്തേരിയില്‍ കിസാന്‍സഭ സംഘടിപ്പിച്ച കര്‍ഷക സദസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ.പി. സന്തോഷ്‌കുമാര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ ബത്തേരി: കേന്ദ്ര വനം-വന്യജീവി സംരക്ഷണ നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് കിസാന്‍ സഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ.പി. സന്തോഷ് കുമാര്‍ എംപി. സ്വതന്ത്രമൈതാനിയില്‍ കിസാന്‍സഭ സംഘടിപ്പിച്ച കര്‍ഷക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗ ആക്രമണങ്ങള്‍ ഫലപ്രദമായി ചെറുക്കുന്നതില്‍ കേന്ദ്ര നിയമങ്ങളില്‍ മാറ്റം അനിവാര്യമാണ്. മനുഷ്യര്‍ക്ക് സുരക്ഷിതമായി വസിക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണ് ജില്ലയില്‍ സംജാതമാകുന്നത്.
ഉത്പാദനച്ചെലവുകള്‍ക്ക് അനുസൃതമായി കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണം. അന്താരാഷ്ട്ര കരാറുകള്‍ ചെറുകിട കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വിത്തു നിയമം കാര്‍ഷിക മേഖലയെ തകര്‍ക്കും. ഇതിനെതിരേ ശക്തമായ കര്‍ഷക പ്രക്ഷോഭം ഉയരണമെന്നും എംപി പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കെ.വി. വസന്തകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എം. ദിനകരന്‍, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, പി.എം. ജോയി, എ. പ്രദീപന്‍, ഡോ.അമ്പി ചിറയില്‍, സി.പി. ഷൈജന്‍, ടി.കെ. രാജന്‍, തുളസീദാസ് മേനോന്‍, ദീപ എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *