സുൽത്താൻ ബത്തേരി: കാട്ടുതീ പ്രതിരോധ നടപടികൾ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽ അപര്യാപ്ത‌മാണെന്ന് ആക്ഷേപം.

മുത്തങ്ങ വനത്തിൽ കാട്ടു തീ തടയുന്നതിനു മതിയായ മുൻകരുതൽ വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നവർ നിരവധിയാണ്. വേനലിൽ അടിക്കാട് ഉണങ്ങിനിൽക്കുന്നത് കാട്ടുതീ സാധ്യത വർധിപ്പിച്ചുവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

വനത്തിൽ കാട്ടുതീ വീഴുന്നത് അടുത്തുള്ള ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗ സാന്നിധ്യം കൂടുന്നതിന് കാരണമാകും. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്കും കാട്ടുതീ ഭീഷണിയാണ്. എന്നിരിക്കേ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന ആവശ്യം ശക്തമാണ്. വയനാടിനോടു ചേർന്നുകിടക്കുന്ന വനപ്രദേശത്ത് കാട്ടുതീ വീഴുന്നതും പടരുന്നതും തടയുന്നതിന് കർണാടക വനം വകുപ്പ് ശക്തമായ കരുതൽ നടപടികളാണ് സ്വീകരിക്കുന്നത്.

കഴിഞ്ഞ മാസം തയാറാക്കിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വനം മന്ത്രി ഈശ്വർ ഖണ്ഡെ കാട്ടുതീ പ്രതിരോധത്തിന് വനം ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കാട്ടുതീ വീഴുന്നത് കണ്ടെത്തുന്നതിന് കർണാടക വനമേഖലകളിൽ ഡ്രോണ് കാമറകൾ ഉപയോഗിച്ചു നിരീക്ഷണം നടത്തുന്നുണ്ട്.

പുകയോ തീയോ കണ്ടെത്തുന്ന സാഹചര്യമുണ്ടായാൽ ഉടൻ ഇടപെടുന്നതിനു സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫയർ ലൈനുകൾ നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്. തദ്ദേശവാസികളടക്കം ഫയർ വാച്ചർമാരെ ആവശ്യത്തിനു നിയോഗിച്ചിട്ടുണ്ട്. പട്രോളിംഗും ശക്തമാണ്.

വേനൽ ശക്തിപ്രാപിക്കുന്നതോടെ വന്യജീവികൾ കാടിന് പുറത്തേക്ക് ഇറങ്ങുന്നത് ഒഴിവാക്കാൻ വനത്തിൽ ജലലഭ്യത ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. വനത്തിനടുത്ത് താമസിക്കുന്നവർക്കിടയിൽ ബോധവത്കരണം നടത്തുന്നുണ്ട്. വനത്തിന് തീയിടുന്നവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കാനും മന്ത്രിയുടെ നിർദേശമുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *