ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ നോട്ടീസ്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് നോട്ടീസ് നല്‍കിയത്. ഒരു രേഖകളുമില്ലാതെ കോണ്‍ഗ്രസ് നേതാവ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നും ബിജെപി എംപി ആവശ്യപ്പെട്ടു.

എന്നാല്‍ രാഹുലിനെതിരെ അവകാശ ലംഘന പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടില്ല. തന്റെത് സ്വതന്ത്രമായ നോട്ടീസാണെന്നാണ് നിഷികാന്ത് ദുബെ അഭിപ്രായപ്പെട്ടത്. സഭയില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതിനോ അംഗീകാരം തേടുന്നതിനോ അംഗം സ്വതന്ത്രമായി സമര്‍പ്പിക്കുന്നതാണ് സബ് സ്റ്റാന്‍സീവ് പ്രമേയം.

രാഹുല്‍ഗാന്ധിയുടെ വിദേശ സന്ദര്‍ശനത്തെ നോട്ടീസില്‍ ചോദ്യം ചെയ്യുന്നു. സോറോസ് ഫൗണ്ടേഷന്‍, യുഎസ്എഐഡി, ഫോര്‍ഡ് ഫൗണ്ടേഷന്‍ എന്നിവയുമായി കൈകോര്‍ത്ത് രാഹുല്‍ ഗാന്ധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച്, ഇന്ത്യാ വിരുദ്ധ ഘടകങ്ങളുമായി ഒത്തുചേരുന്നുവെന്ന് ദുബെ നോട്ടീസില്‍ ആരോപിക്കുന്നു.

രാഹുലിന്റെ തായ്‌ലന്‍ഡ്, വിയറ്റ്‌നാം, കംബോഡിയ സന്ദര്‍ശനങ്ങളെയാണ് ബിജെപി എംപി നിഷികാന്ത് ദുബെ ചോദ്യം ചെയ്യുന്നത്. കേന്ദ്ര ബജറ്റ് ചര്‍ച്ചയ്ക്കിടെ ഇന്നലെ രാഹുല്‍ ഗാന്ധി ഇന്ത്യ- അമേരിക്ക വ്യാപാര കരാറിനെതിരെ ലോക്‌സഭയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഭാരതമാതാവിനെ മോദി സര്‍ക്കാര്‍ വിറ്റുവെന്നും, എല്ലാം യുഎസിനു മുന്നിൽ അടിയറവു വെച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *