റാഞ്ചി: സരസ്വതീപൂജയ്ക്ക് സംഭാവന നല്‍കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ശിക്ഷിച്ച് സ്‌കൂള്‍ അധികൃതര്‍. ഝാര്‍ഖണ്ഡിലെ ധുംകയിലെ ജര്‍മുണ്ടി ഗേള്‍സ് മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് ശിക്ഷണ നടപടികള്‍ക്ക് വിധേയരായത്. വിദ്യാര്‍ത്ഥികളോട് സരസ്വതി പൂജയ്ക്ക് സംഭാവനയായി 100 രൂപ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു. തുക കൊണ്ടുവരാത്ത കുട്ടികളെ 100 തവണ ഏത്തമിടീപ്പിക്കുകയും ഉച്ചഭക്ഷണം നിഷേധിക്കുകയും ചെയ്തതായാണ് ആരോപണം.
സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് ഏതാനും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ജര്‍മുണ്ടി ഗേള്‍സ് മിഡില്‍ സ്‌കൂളിലെ പ്രധാനാധ്യാപകനാണ് സരസ്വതി പൂജയ്ക്ക് വിദ്യാര്‍ത്ഥികളോട് 100 രൂപ സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടത്. പൂജയ്ക്ക് ശേഷം പണം കൊണ്ടുവരാത്ത വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുകയും സ്‌കൂളില്‍ പോകുന്നത് തടയുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
സരസ്വതി പൂജയ്ക്ക് സംഭാവനയായി 100 രൂപ കൊണ്ടുവരാന്‍ തന്നോട് ആവശ്യപ്പെട്ടതായി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി നീതു കുമാരി പറഞ്ഞു. ‘പണം നല്‍കാന്‍ വിസമ്മതിച്ചതിന്, പൂജയ്ക്ക് ശേഷം ഹെഡ്മാസ്റ്റര്‍ 100 തവണ ഏത്തമിടാൻ നിര്‍ബന്ധിച്ചു, ഉച്ചഭക്ഷണം നിഷേധിച്ചു.’ നീതു വെളിപ്പെടുത്തി. വിശക്കുന്ന വയറോടെ 100 തവണ ഏത്തമിട്ടതോടെ താന്‍ അവശയായി. വീട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ അനുവദിച്ചില്ല. ക്ലാസ് തീരുന്നതുവരെ സ്‌കൂളില്‍ പിടിച്ചിരുത്തിയെന്നും നീതു പറഞ്ഞു.
വീട്ടിലേക്ക് പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍, ‘ശൂര്‍പ്പണഖ’ ആക്കാമെന്നാണ് ഹെഡ്മാസ്റ്റര്‍ ധനഞ്ജയ് പറഞ്ഞത്. വീട്ടിലെത്തിയപ്പോള്‍ കാലിനും വയറിനും കടുത്ത വേദനയായിരുന്നുവെന്നും നീതു പറയുന്നു. ഫണ്ട് ശേഖരിക്കുന്നതിനായി, ക്ലാസ് മുറിയുടെ പൂട്ട് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് ഹെഡ്മാസ്റ്റര്‍ പൂട്ട് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തനിക്ക് ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും, വാര്‍ത്ത അറിഞ്ഞതു പ്രകാരം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ധുംക ഡെപ്യൂട്ടി കമ്മീഷണര്‍ അഭിജിത്ത് സിന്‍ഹ വ്യക്തമാക്കി
