ബാങ്കോക്ക്: വനിത ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് തുടർച്ചയായി രണ്ടാം ജയം. നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ‘എ’ സെമിഫൈനലിലേക്ക് കടന്നു. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ‘എ’, മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് എത്തി.

ആദ്യം ബാറ്റ് ചെയ്‌ത നേപ്പാളിനെ വെറും 18 ഓവറിൽ 78 റൺസ് നേടാൻ സാധിച്ചുള്ളൂ. ഇന്ത്യൻ സ്പിന്നർമാരുടെ കൃത്യതയാർന്ന ബൗളിങ്ങാണ് നേപ്പാൾ ബാറ്റിങ് നിരയെ തകർത്തത്. തനുജ കാൻവാർ 4 വിക്കറ്റും മലയാളി താരം മിന്നു മണി മൂന്ന് വിക്കറ്റും രാധ യാദവ് 2 വിക്കറ്റും നേടി. നേപ്പാളിന്റെ പത്ത് വിക്കറ്റിൽ ഒമ്പതും ഇന്ത്യൻ സ്പിന്നർമാരാണ് വീഴ്ത്തിയത്. 4 ഓവറിൽ വെറും എട്ട് റൺസ് മാത്രം വിട്ട് നൽകിയാണ് മിന്നു മണി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.

78 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീമിന് ആദ്യ ഓവറിൽ തന്നെ ദീയ യാദവ് പുറത്തായി. ആദ്യ വിക്കറ്റിൽ പതറാതെ മറ്റൊരു ഓപ്പണറായ വൃന്ദ ദിനേശ് നേപ്പാൾ ബൗളർമാരെ ആക്രമിച്ചു കളിച്ചു. 9 ഫോറുകൾ ഉൾപ്പെടെ 18 പന്തിൽ പുറത്താകാതെ 39 റൺസ് ആണ് വൃന്ദ അടിച്ചെടുത്തത്. വെറും 7.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 82 റൺസ് നേടി വിജയമുറപ്പിക്കുക ആയിരുന്നു. സെമിഫൈനൽ മത്സരം വെള്ളിയാഴ്ച നടക്കും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *