ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയയില്‍ വൈറലാകാന്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ഡോര്‍ തുറന്നും മറ്റും മോട്ടോര്‍ സൈക്കിളില്‍ അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തി യുവാവ്. ബസ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തില്‍ പെരുമാറിയ 22കാരനെ ഡല്‍ഹി പൊലീസ് കൈയോടെ പൊക്കി.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. മോട്ടോര്‍ സൈക്കിളിന് നമ്പര്‍ പ്ലേറ്റ് പോലും ഇല്ലായിരുന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വിഡിയോ വൈറലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 22കാരന്‍ പിടിയിലായത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത മോട്ടോര്‍ സൈക്കിളില്‍ യുവാവ് സഞ്ചരിക്കുന്നതും ഓടിക്കൊണ്ടിരിക്കുന്ന ഡിടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ വാതിലുകള്‍ തുറന്ന് പൊതുജന സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതുമായ റീലാണ് പ്രചരിച്ചത്. വൈറല്‍ റീല്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ന്യൂ ഉസ്മാന്‍പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്ത പൊലീസ് സംഘത്തിന് ബൈക്ക് യാത്രികന്റെ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെത്താന്‍ സാധിച്ചതാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തിട്ടുണ്ട്. അപകടകരമായ രീതിയിലുള്ള അഭ്യാസപ്രകടനം നടത്തുന്നതിനിടെ യുവാവിനെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയാണ് നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്തതെന്നും പൊലീസ് പറഞ്ഞു.
