എത്ര തവണ റിവിഷൻ ചെയ്താലും പരീക്ഷയുടെ തലേന്ന് നെഞ്ചിനുള്ളിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെടും. ഹൃദയം പടപടാ മിടിക്കും, ഓക്കാനം, തലവേദന, ഉറങ്ങാൻ കഴിയാത്ത അവസ്ഥ, അതെ പരീക്ഷാപ്പേടി ഉള്ളതാണ്..! പരീക്ഷാകാലയളവിൽ വിദ്യാർഥികൾക്കുണ്ടാവുന്ന ഈ സമ്മർദാനുഭവങ്ങൾ അവരുടെ മനസിനെയും ശരീരത്തെയും കാര്യമായി തന്നെ ബാധിക്കാം.
പരീക്ഷകാലത്ത് കുട്ടികളുടെ ശരീരം സ്വാഭാവികമായും ഫൈറ്റ് ഓര്‍ ഫ്‌ലൈറ്റ് മോഡിലേക്ക് മാറുന്നു. ഇത് സമ്മര്‍ദ ഹോര്‍മോണുകളായ കോര്‍ട്ടിസോളിൻ്റെയും അഡ്രിനാലിൻ്റെയും അളവു വർധിപ്പിക്കാനും തലവേദന, വയറുവേദന, നെഞ്ചിന് അസ്വസ്ഥത എന്നിവ അനുഭവപ്പെടാനും കാരണമാകും. ഇത് ഭക്ഷണം കഴിക്കുന്നതിനെയും ഉറക്കത്തെയും ബാധിക്കുന്നു. നിങ്ങളുടെ ശരീരം സമ്മർദത്തിലാണെന്നതിൻ്റെ പ്രകടമായ സൂചനയാണിത്. മാനസിക സമ്മർദം പ്രതിരോധശേഷിയെ അടക്കം തകിടം മറിക്കാം.
തലച്ചോറിൻ്റെ ആരോഗ്യവും സമ്മർദവും
ഉത്കണ്ഠ കൂടിയാല്‍ ശ്രദ്ധയും ഓര്‍മയും നഷ്ടമാകാം. ചോദ്യക്കടലാസ് കിട്ടിയ പിന്നാലെ മൊത്തത്തിൽ ബ്ലാങ്ക് ആയി പോകുന്ന അവസ്ഥയെ കുറിച്ച് വിദ്യാർഥികൾ സാധാരണയായി പരാതിപ്പെടാറുണ്ട്. ഇതിന് പിന്നിൽ ഉയർന്ന കോർട്ടിസോളിൻ്റെ അളവാണ്. ഇത് പലപ്പോഴും ഓർമകൾക്ക് മുകളിൽ ഒരു മതിൽ പോലെ പ്രവർത്തിക്കുന്നു.
പരീക്ഷാപ്പേടിയും ആത്മവിശ്വാസവും
പരീക്ഷാപ്പേടി ബന്ധങ്ങളെയും ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കാം. പരീക്ഷ കാലത്ത് വിദ്യാർഥികൾ ഭക്ഷണവും ഉറക്കവും നഷ്ടപ്പെടുത്തി തുടർച്ചയായി പഠിക്കുന്നത് സ്വഭാവികമാണ്. ഇത് വിദ്യാർഥികൾ പ്രിയപ്പെട്ടവരിൽ നിന്ന് അകന്നു നിൽക്കാനും ഒറ്റപ്പെടാനും സാധ്യതയുണ്ട്.
അക്കാദമിക് സമ്മർദം ആത്മവിശ്വാസത്തെയും ബാധിക്കാം. ഇത് കൗമാരക്കാരിൽ ഉത്കണ്ഠയോ വിഷാദമോ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
പരീക്ഷാപ്പേടിയെ നിയന്ത്രിക്കാം
- ഭക്ഷണവും ഉറക്കവും വിട്ടുവീഴ്ച ചെയ്തു കൊണ്ടുള്ള പഠന ഷെഡ്യൂൾ ഒഴിവാക്കാം.
- ഒരു മിനിറ്റ് ദൈർഘ്യമുള്ള ശ്വസന വ്യായാമങ്ങൾ പരീക്ഷിക്കാവുന്നതാണ്.
- ചെറിയ നടത്തം മനസും ശരീരവും റിലാക്സ് ആകാൻ സഹായിക്കും.
- സമ്മർദം അടിച്ചമർത്താൻ ശ്രമിക്കരുത്. മാതാപിതാക്കളുമായും അധ്യാപകരുമായും പങ്കുവയ്ക്കാം.
- പഠനത്തിനിടയിൽ ശരിയായ ഇടവേളകൾ എടുക്കുക, മണിക്കൂറുകളോളം പഠനം തുടരരുത്.
- ഓരേ സ്ഥലത്തിരുന്ന് പഠിക്കുന്നതിന് പകരം, പല സ്ഥലങ്ങൾ പരീക്ഷിക്കാം. ഇത് മാനസിക ക്ഷീണം അനുഭവപ്പെടുന്നത് തടയുന്നു.
- ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രമിക്കുക.
- പഠന ഷെഡ്യൂൾ തയ്യാറാക്കുമ്പോൾ ദൈർഘ്യം കുറഞ്ഞ ഉറക്കങ്ങൾ ഉൾപ്പെടുത്തുക.
