കല്‍പ്പറ്റ: കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരിയുടെ ഓര്‍മയ്ക്ക് വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയും ചേര്‍ന്ന് വയനാട്ടിലെ മികച്ച പ്രകൃതി സൗഹൃദ വിദ്യാലയത്തിന് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ഓടപ്പള്ളം ഗവ.ഹൈസ്‌കൂളിനെ തെരഞ്ഞെടുത്തു. മെമന്റോയും ശില്‍പ്പവും കാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം.
വിദ്യാര്‍ഥികളില്‍ ഹരിത ബോധം വളര്‍ത്തുന്നതിനും കാര്‍ഷിക സംസ്‌കൃതിയുടെ പരിപോഷണത്തിനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍, വര്‍ഷംതോറും നടത്തുന്ന പച്ചക്കറി കൃഷി, വിദ്യാലയ വളപ്പ് അജൈവ മാലിന്യമുക്തമായി സംരക്ഷിക്കുന്നതിലെ ശ്രദ്ധ, സ്‌കൂള്‍ പരിസരം ഹരിതവത്കരിക്കുന്നതിലെ മികവ് തുടങ്ങിയവ കണക്കിലെടുത്താണ് വിദ്യാലയത്തെ അഞ്ചാമത് സുഗതകുമാരി പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് എന്നിവര്‍ അറിയിച്ചു. 26ന് ഉച്ചകഴിഞ്ഞ് സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഗോത്രകലാകാരന്‍ സുകുമാരന്‍ ചാലിഗദ്ദ പുരസ്‌കാരസമര്‍പ്പണം നടത്തും. അഡ്വ.പി. ചാത്തുക്കുട്ടി, സുമ വിഷ്ണുദാസ് എന്നിവര്‍ പ്രഭാഷണം നടത്തും. സുഗതകുമാരിക്കവിതകളുടെ ആലാപനവും വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടാകും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *