അഹമ്മദാബാദ്: പ്രണയ വിവാഹങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമ ഭേദഗതിക്ക് ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ വധൂ വരൻമാർ അച്ഛനമ്മമാരെ അറിയിച്ചിരിക്കണം എന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് നിയമഭേദഗതി ഒരുങ്ങുന്നത്. പ്രണയത്തിന് എതിരല്ലെന്നും നിഷ്കളങ്കരായ പെൺകുട്ടികൾ വഞ്ചിതരാകാതിരിക്കുകയാണ് ലക്ഷ്യമെന്നും ഉപമുഖ്യമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ വ്യക്തമാക്കി.
നോട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ലഭിച്ചാൽ അസിസ്റ്റന്റ് രജിസ്ട്രാർ പത്ത് ദിവസത്തിനുള്ളിൽ ഇരുവരുടേയും അച്ഛനമ്മമാരെ നേരിട്ടോ ഫോൺ വഴിയോ വിവരമറിയിച്ചിരിക്കണമെന്നതാണ് പ്രധാന ഭേദഗതി. അപേക്ഷകളിൽ വധൂവരൻമാരുടേതിനൊപ്പം അച്ഛനമ്മമാരുടേയും ആധാർ രേഖകളുടെ പകർപ്പും വിലാസവും ഫോൺ നമ്പറുകളും നൽകണം. അവരുടെ സമ്മതമുണ്ടോയെന്നും വ്യക്തമാക്കണം.
അപേക്ഷ താലൂക്ക് രജിസ്ട്രാറാണ് പിന്നീട് പരിഗണിക്കുക. വിവരങ്ങളെല്ലാം ശരിയാണെങ്കിൽ 30 ദിവസത്തിനുള്ളിൽ വിവാഹരേഖ നൽകണം. സർക്കാർ തയ്യാറാക്കുന്ന ഓൺലൈൻ പോർട്ടലിലും രേഖ അപ്‍ലോഡ് ചെയ്യും. ഭേദഗതി സംബന്ധിച്ചു പൊതുജനങ്ങളിൽ നിന്നു നിർദ്ദേശം സ്വീകരിക്കും. ഇവ ഒരു സമിതി പരിശോധിച്ച ശേഷമാകും അന്തിമനിയമം തയ്യാറാക്കുക.
വിവാഹ വഞ്ചനകൾ സംബന്ധിച്ച പരാതികൾ ഉയർന്നതിനാലാണ് ഭേദഗതിയെന്നു മന്ത്രി വ്യക്തമാക്കി. പാഞ്ച്മഹാൽ ജില്ലയിൽ ഒരു മുസ്‍ലിം കുടുംബം പോലും ഇല്ലാത്ത സ്ഥലങ്ങളിൽ അനേകം നിക്കാഹ് സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഒരു സലിം, സുരേഷായി ചമഞ്ഞ് പെൺകുട്ടിയെ ചതിക്കുന്നത് അനുവദിക്കില്ല. ആൾമാറാട്ടം, പ്രേരണ എന്നിവയിലൂടെ സനാതന സംസ്കാരത്തെ അട്ടിമറിക്കാതിരിക്കാനും ലവ് ജിഹാദ് തടയാനുമാണ് ഭേദഗതിയെന്നും മന്ത്രി വിശദീകരിച്ചു. പട്ടേൽ, ഠാക്കൂർ സമുദായ സംഘടനകൾ രക്ഷിതാക്കളുടെ അനുമതിയില്ലാത്ത വിവാഹങ്ങൾ അസാധുവാക്കണമെന്നു ആവശ്യമുന്നയിച്ചിരുന്നു.
