കല്‍പ്പറ്റ: ഉരുള്‍ ദുരന്തത്തിനു മുമ്പ് പുഞ്ചിരിമട്ടം, ഏറാട്ടുകുണ്ട് എന്നിവിടങ്ങളില്‍ താമസിച്ചിരുന്ന പട്ടികവര്‍ഗ കുടുംബങ്ങളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ വ്യക്തമായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍, ആദിശക്തി സമ്മര്‍ സ്‌കൂള്‍ പ്രവര്‍ത്തകരായ മേരി ലിഡിയ, കെ.ആര്‍. രേഷ്മ, കെ.സി. ശിവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഉരുള്‍ ദുരന്ത ബാധിതര്‍ക്ക് സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം ഉദ്ഘാടനം കഴിഞ്ഞിട്ടും പുഞ്ചിരിമട്ടം, ഏറാട്ടുകുണ്ട് ഉന്നതികളിലെ 13 പട്ടികവര്‍ഗ കുടുംബങ്ങളുടെ പുനരധിവാസം എങ്ങുമെത്തിയില്ല. ഈ കുടുംബങ്ങള്‍ക്ക് ചൂരല്‍മല വില്ലേജിനടുത്ത് അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തി രേഖ അനുവദിച്ചെങ്കിലും ഭവന നിര്‍മാണത്തിനും പുനരധിവാസവുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും നടപടിയായില്ല. ഇത് അനാസ്ഥയും വിവേചനവുമാണ്. ടൗണ്‍ഷിപ്പിലേതുപോലെ വീടുകള്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നിര്‍മിച്ചുനല്‍കുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നില്ല. പ്രകൃതിദുരന്തങ്ങളില്‍ ഏറെ നാശനഷ്ടം നേരിടുന്നത് മോശം ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന ആദിവാസികളും ദുര്‍ബല വിഭാഗങ്ങളുമാണ്. എന്നാല്‍ ഈ വിഭാഗങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്ന സമീപനം സര്‍ക്കാരിനും ദുരന്ത നിവാരണ വകുപ്പിനുമില്ല. പട്ടികവര്‍ഗ കുടുംബങ്ങളുടെ പുനരധിവാസത്തിന് പദ്ധതി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. നിയമനടപടി സ്വീകരിക്കുമെന്നും ഗീതാനന്ദനും മറ്റും പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *