കല്‍പ്പറ്റ: തിരുവനന്തപുരത്ത് കഴിഞ്ഞ ഏഴിന് ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിന്റെ തുടക്കത്തില്‍ തൊഴിലുടമകളുടെ പ്രതിനിധികള്‍ തൊഴിലാളികളുടെ വേതനത്തില്‍ സമ്മതിച്ചത് നാമമാത്ര വര്‍ധന. ദിനവേതനം 25 രൂപ വര്‍ധിപ്പിക്കാമെന്ന നിലപാടാണ് തൊഴിലുടമകള്‍ സ്വീകരിച്ചത്. വേതനക്കയറ്റത്തിന് 2026 ഒക്ടോബര്‍ ഒന്നു മുതലുള്ള പ്രാബല്യവും അവര്‍ ആവശ്യപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് അടിസ്ഥന വേതനം 43 രൂപ വര്‍ധിപ്പിക്കാനും സ്‌പെഷല്‍ സെറ്റില്‍മെന്റ് അലവന്‍സായി അഞ്ച് രൂപ അനുവദിക്കാനും 2026 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തിനും തൊഴിലുടമ പ്രതിനിധികള്‍ സന്നദ്ധരായത്. സ്ഥിരമായി ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് 2026 മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം 1,000 രൂപ അഡ്വാന്‍സ് നല്‍കാനും ഇതില്‍ 500 രൂപ റിക്കവറബിള്‍ അഡ്വാന്‍സാക്കാനും തൊഴിലുടമ പ്രതിനിധികള്‍ സമ്മതിച്ചു.
തോട്ടം തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിച്ച് 2025 ഓഗസ്റ്റ് എട്ടിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞ മുറയ്ക്ക് സേവന-വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കുന്നതിന് വിവിധ ട്രേഡ് യൂണിയനുകള്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ചെയര്‍മാന് നോട്ടിസ് നല്‍കി. തുടര്‍ന്ന് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ഫെബ്രുവരി 18, മാര്‍ച്ച് അഞ്ച്, ഏഴ് തീയതികളില്‍ യോഗം ചേര്‍ന്നെങ്കിലും സേവന-വേതന വ്യവസ്ഥകള്‍ പുതുക്കുന്നതില്‍ തീരുമാനമായില്ല. ഈ സാഹചര്യത്തിലായിരുന്നു തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഏഴിന് യോഗം.

തൊഴിലുടമ പ്രതിനിധികളായി എപികെ ചെയര്‍മാന്‍ എസ്.ബി. പ്രഭാകര്‍, സെക്രട്ടറി ബി.കെ. അജിത്ത്, കെഡിഎച്ച്പി കമ്പനിയിലെ ബി.പി. കരിയപ്പ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട് കമ്പനിയിലെ പ്രിന്‍സ് തോമസ് ജോര്‍ജ്, ഹാരിസണ്‍സ് മലയാളം കമ്പനിയിലെ എന്‍.എസ്. വിനോദ്കുമാര്‍, സന്തോഷ്, ഏലം പ്ലാന്റര്‍ സദാശിവ സുബ്രഹ്മണ്യം, എ.വി. തോമസ് ഗ്രൂപ്പ് ഓഫ് കമ്പനീസിലെ അനില്‍ മാത്യു എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. സിഐടിയുവിലെ പി.എസ്. രാജന്‍, സി.കെ. ഉണ്ണിക്കൃഷ്ണന്‍, പി.വി. സഹദേവന്‍, എസ്. ജയമോഹന്‍, എഐടിയുസിയിലെ ഇളമണ്ണൂര്‍ രവി, പി.കെ. മൂര്‍ത്തി, എം.വൈ. ഔസേപ്പ്, പി.എസ്. ചെയറിയാന്‍, ഐഎന്‍ടിയുസിയിലെ പി.ജെ. ജോയ്, വി.ആര്‍. പ്രതാപന്‍, എ.കെ. മണി, പി.പി. ആലി, എച്ച്എംഎസിലെ മാത്യു ജേക്കബ്, യുടിയുസിയിലെ ജി. ബേബി, എസ്ടിയുവിലെ ടി. ഹംസ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍.

വിജ്ഞാപന പ്രകാരം പുതുക്കിയതനുസരിച്ച് 500 രൂപയക്ക് ചുവടെയാണ് തോട്ടം തൊഴിലാളികളുടെ ദിന വേതനം. ഇത് 800 രൂപയാക്കണമെന്നാണ് ഐഎന്‍ടിയുസി, എസ്ടിയു നിയന്ത്രണത്തിലുള്ള തൊഴിലാളി സംഘടനകള്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ചെയര്‍മാന് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടത്. വേതനം 700 രൂപയായി ഉയര്‍ത്തണമെന്നായിരുന്നു സിഐടിയു, എഐടിയുസി അഫിലിയേഷനുള്ള സംഘടനകളുടെ ആവശ്യം.

തൊഴിലാളികള്‍ക്ക് അവകാശപ്പെട്ടതും അവര്‍ ആഗ്രഹിച്ചതുമായ വര്‍ധനവല്ല വേതനത്തില്‍ ഉണ്ടായതെന്ന് കേരള പ്ലാന്‍േഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍(എഐടിയുസി) വര്‍ക്കിംഗ് പ്രസിഡന്റ് പി.കെ. മൂര്‍ത്തി പറഞ്ഞു. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയെന്ന ഐഎന്‍ടിയുസി നേതാക്കളുടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ആരോപിച്ചു. യോഗത്തില്‍ ആദ്യന്തം ഐഎന്‍ടിയുസി, എസ്ടിയു പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. മന്ത്രി പോയതിനുശേഷമാണ് എല്ലാവരും ഹാളില്‍നിന്ന് ഇറങ്ങിയത്. തോട്ടം തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട കരാറുകളില്‍ 2012 മുതല്‍ ഐഎന്‍ടിയുസിയുടെയും കുറച്ചുകാലമായി എസ്ടിയുവിന്റെയും പ്രതിനിധികള്‍ ഒപ്പിടാറില്ലെന്നും മൂര്‍ത്തി പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *