ആശുപത്രിയിൽ കഴിഞ്ഞ നാളുകളേക്കുറിച്ച് കുറിപ്പുമായി നടി റോഷ്ന ആൻ റോയ്. ആശുപത്രിവാസം ഒരിക്കലും സങ്കൽപ്പിക്കാൻ സാധിക്കാത്ത അനുഭവമാണ് നൽകിയതെന്നും വേദനയുടെ പുതിയ ലോകത്തേക്ക് കാലെടുത്ത് വച്ചെന്നും റോഷ്ന കുറിച്ചു. ‘‘ആശുപത്രിയിലെ ഈ ദിവസങ്ങൾ എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാത്ത ഒരു അനുഭവമാണ് നൽകിയത്. എന്നാൽ ഇത്തവണ ഞാൻ വേദനയുടെ തികച്ചും പുതിയൊരു ലോകത്തേക്ക് കാലെടുത്തു വച്ചു.
അത് എന്നെന്നേക്കുമായി നിലനിൽക്കുന്ന ഒന്നല്ല, പക്ഷേ കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി ഇത് ഏറ്റവും കഠിനമായ ഒന്നായിരുന്നു… ഇത് വെറും ലളിതമായ വേദനയായിരുന്നില്ല – അത് ആഴമേറിയതും ക്ഷീണിപ്പിക്കുന്നതും ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. പക്ഷേ ഞാൻ ഇത് എന്റെ രോഗശാന്തിക്കായി തിരഞ്ഞെടുത്തു.
എന്നെത്തന്നെ പരിപാലിക്കാനും ഈ യാത്രയിലൂടെ കടന്നുപോകാൻ എന്നെത്തന്നെ സ്നേഹിക്കാനും ഞാൻ തീരുമാനിച്ചു. എന്റെ ശരീരം സുഖം പ്രാപിക്കുന്നു, ഞാൻ സുഖം പ്രാപിക്കുന്നു. ഇത് ഒരു ഇടവേള മാത്രമാണ്, അവസാനമല്ല. ഞാൻ കൂടുതൽ ശക്തയായി തിരിച്ചുവരും.
സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി”. – ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പം റോഷ്ന കുറിച്ചു. ആശുപത്രിയിൽ തനിക്കൊപ്പം നിന്ന സുഹൃത്ത് അഖിലയെക്കുറിച്ചും നടി കുറിച്ചിട്ടുണ്ട്.
റോഷ്ന പങ്കുവച്ച കുറിപ്പ്
എന്റെ തങ്കം
ദൈവത്തിന്റെ കരങ്ങൾ പല രീതിയിലെന്നെ സ്പർശിച്ചിട്ടുണ്ട്. അങ്ങനൊരു കൈ.. അതാണ് എന്റെ അഖിയുടെ കൈ… അവളുടെ കരങ്ങളാണ് എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നത്…എന്റെ ആശുപത്രി സഹവാസം മുഴുവനും എന്റൂടെ താങ്ങും തണലുമായി നിന്നവൾ… എനിക്ക് എന്തിനും ഏതിനും അവളുടെ കരങ്ങൾ മാത്രമായിരുന്നു ആശ്രയം..
ഇന്നസെന്റ് uncle പറഞ്ഞ പോലെ: ഈ രക്തബന്ധം എന്നൊക്കെ പറയുന്നത് വെറും തട്ടിപ്പാ. എന്തുവാ ഈ ബന്ധുത്വം???…ഹൃദയ ശുദ്ധിയുള്ളവര് തമ്മിൽ തമ്മിൽ തിരിച്ചറിയും അതിനേക്കാൾ വലിയ ബന്ധമില്ല…എന്ന് …
…. പല രൂപത്തിൽ ..പല ഭാവത്തിൽ … പലരിലൂടെ…. വീഴ്ചകളിൽ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു നടത്തിയ പ്രതീക്ഷയുടെ കരങ്ങൾ നിരവധിയുണ്ട് അങ്ങനൊരു കരമായിരുന്നു അവളുടേത്..
പലരും പറഞ്ഞു കേട്ടിട്ടുണ്ട് നമ്മുടെ ജീവിതത്തിൽ പല സന്ദർഭങ്ങളും നടക്കുന്നത് തിരിച്ചറിവിന് വേണ്ടിയായിരിക്കുമെന്ന്…എല്ലാം നല്ലതിനാണെന്ന് മാത്രം വിശ്വസിക്കുന്നു…എല്ലാവരുടെയും സ്നേഹത്തിനും പ്രാർഥനയ്ക്കും ഒരുപാട് നന്ദി
