കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാടിന് പുറത്ത് മത്സരിക്കുന്ന വയനാട്ടുകാര്‍ രണ്ട്. വയനാട്ടില്‍ മത്സരിക്കുന്ന പുറംനാട്ടുകാര്‍ രണ്ട്. ബത്തേരിയിലും കല്‍പ്പറ്റയിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസ് മുന്‍ നേതാക്കള്‍. ഇതെല്ലാം കൗതുകമാകുകയാണ് ജില്ലയിലെ സമ്മതിദായകരില്‍.
മുസ്‌ലിം ലീഗ് ടിക്കറ്റില്‍ വേങ്ങരയില്‍ മത്സരിക്കുന്ന കെ.എം. ഷാജിയും കൂത്തുപറമ്പില്‍ ജനവിധി തേടുന്ന ജയന്തി രാജനും വയനാട് സ്വദേശികളാണ്. കണിയാമ്പറ്റ കളത്തൊടി പരേതനായ ബീരാന്‍കുട്ടി-ആയിഷ ദമ്പതികളുടെ മകനാണ് 55 കാരനായ ഷാജി. യൂത്ത്‌ലീഗ് മുന്‍ സംസ്ഥാന ട്രഷറര്‍, സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയാണ്. അഞ്ചാം തവണയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. 2006ല്‍ കൊല്ലം ജില്ലയിലെ ഇരവിപുരത്തായിരുന്നു കന്നി അങ്കം. തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയിലെ എ.എ. അസീസിനോട് 20,045 വോട്ടിന് തോറ്റു. 2011ല്‍ അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ച ഷാജി 493 വോട്ടിന് സിപിഎമ്മിലെ എം. പ്രകാശന്‍ മാസ്റ്ററെ വീഴ്ത്തി. 2016ല്‍ ഇതേ മണ്ഡലത്തില്‍ സിപിഎമ്മിലെ എം.വി. നികേഷ്‌കുമാറിനെ 2,287 വോട്ടിന് പരാജയപ്പെടുത്തി. 2021ല്‍ അഴിക്കോട് മത്സരിച്ച ഷാജി 6,141 വോട്ടിന് സിപിഎമ്മിലെ കെ.വി. സുമേഷിനോട് പരാജയപ്പെട്ടു.
പുല്‍പ്പള്ളി ഇരുളം ഇരുളത്ത് രാജന്റെ ഭാര്യയാണ് കൂത്തുപറമ്പില്‍ ജനവിധി തേടാന്‍ മുസ്‌ലിംലീഗ് നിയോഗിച്ച ജയന്തി. പുല്‍പ്പള്ളി ചീയമ്പം തുളസിത്തറയില്‍ പരേതരായ രാഘവന്‍-തങ്കമ്മ ദമ്പതികളുടെ മകളായ ഇവര്‍ നിലവില്‍ മുസ്‌ലിംലീഗ് ദേശീയ അസി.സെക്രട്ടറിയാണ്. കോണ്‍ഗ്രസ് കുടുംബാംഗമായിരുന്ന ജയന്തി 2010ലെ തദ്ദേശ തെരഞ്ഞടുപ്പില്‍ പൂതാടി പഞ്ചായത്തിലെ ഇരുളം വാര്‍ഡില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായി. ഇതിനു പിന്നാലെയാണ് കുണ്ടുവാടിയ സമുദായാംഗമായ ഇവര്‍ ദളിത് ലീഗ്, വനിതാലീഗ്, മുസ്‌ലിംലീഗ് എന്നിവയില്‍ സജീവമായത്. വനിതാ ലീഗ് ദേശീയ സെക്രട്ടറിയായിരുന്നു. 47കാരിയായ ജയന്തി ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
കല്‍പ്പറ്റ മണ്ഡലത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടുന്ന ടി. സിദ്ദിഖും മാനന്തവാടിയില്‍ എന്‍ഡിഎ ബാനറില്‍ മത്സരിക്കുന്ന പി. ശ്യാം പ്രകാശും പുറന്നാട്ടുകാരാണ്. കോഴിക്കോട് പെരുമണ്ണ പന്നീര്‍ക്കുളം തുവക്കോട്ട് വീട്ടില്‍ കാസിം-നബീസ ദമ്പതികളുടെ മകനാണ് 52 കാരനായ സിദ്ദിഖ്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിലവിലെ ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ്‌കുമാറിനെയാണ് പരാജയപ്പെടുത്തിയത്. 5,470 വോട്ടായിരുന്നു ഭൂരിപക്ഷം.
ഇടുക്കി മുള്ളരിങ്ങാട് സ്വദേശിയാണ് 38കാരനായ പി. ശ്യാംരാജ്. എബിവിപിയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. സംഘടനയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടി, ദേശീയ സമിതിയംഗം, സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. 2021ലെ തെരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു. പട്ടികവര്‍ഗത്തിലെ മലയര സമുദായാംഗമാണ് ശ്യാംരാജ്. പുത്തന്‍വീട് രാജു-ഗിരിജ ദമ്പതികളുടെ മകനാണ്.
ബത്തേരി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ സിപിഎം ടിക്കറ്റില്‍ മത്സരിക്കുന്ന എം.എസ്. വിശ്വനാഥന്‍ കെപിസിസി മുന്‍ സെക്രട്ടറിയാണ്. 13 വര്‍ഷം ഈ പദവിയില്‍ ഇരുന്ന അദ്ദേഹം 2021ലെ തെരഞ്ഞെടുപ്പിന്
മുമ്പാണ് കോണ്‍ഗ്രസ് നേതൃത്വമായി പിണങ്ങി സിപിഎം സഹയാത്രികനും ബത്തേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായത്. പട്ടികവര്‍ഗത്തിലെ കുറുമ സമുദായാംഗമാണ്. കാര്യമ്പാടി മൂതിമൂല പരേതരായ എം. ശംഭുവും നാണിയുമാണ് മാതാപിതാക്കള്‍. ബത്തേരി മുന്‍സിപ്പില്‍ കൗണ്‍സിലര്‍ സ്ഥാനവും രാജിവച്ചാണ് സിപിഎമ്മിനൊപ്പം കൂടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണനെയാണ് നേരിട്ടത്. 11,822 വോട്ട് ഭൂരിപക്ഷത്തിന് ബാലകൃഷ്ണന്‍ ജയിച്ചു. നിലവില്‍ സിപിഎം ബത്തേരി ഏരിയ കമ്മിറ്റിയംഗവും മുനിസിപ്പല്‍ കൗണ്‍സിലറുമാണ് വിശ്വനാഥന്‍.
കല്‍പ്പറ്റ മണ്ഡലത്തില്‍ എല്‍ഡിഎഫ് ടിക്കറ്റില്‍ ജനവിധി തേടുന്ന പി.കെ. അനില്‍കുമാര്‍ മേപ്പാടിയിലെ കോണ്‍ഗ്രസ് നേതാവും ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കോണ്‍ഗ്രസ് ജില്ലാ നേതാക്കളില്‍ ചിലരുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് അഞ്ച് വര്‍ഷം മുമ്പ് പാര്‍ട്ടി വിട്ട് ലോക് താന്ത്രിക് ജനതാദളിലെത്തിയത്. നിലവില്‍ രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി)സംസ്ഥാന കമ്മിറ്റിയംഗവും തോട്ടം തൊഴിലാളി യൂണിയന്‍ (എച്ച്എംഎസ്)സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്.
മേപ്പാടി പാറക്കോട്ട് കൊട്ടയങ്ങാട്ടില്‍ പരേതനായ പി.കെ. ഗോപാലന്റെയും ജാനകിയുടെയും മകനാണ് 53കാരനായ അനില്‍കുമാര്‍. കോണ്‍ഗ്രസിലായിരിക്കേ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്(2012-15), ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍(2015-20)എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
