തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിഹിതം ഉപയോഗിച്ചു നടപ്പാക്കുന്ന മെഡിസെപ് പദ്ധതിയുടെ പോര്‍ട്ടല്‍ സ്തംഭിച്ചതിനെത്തുടര്‍ന്ന് ചികിത്സാനുകൂല്യം നിഷേധിക്കപ്പെടുന്നതായി പരാതി. രണ്ടാഴ്ചയ്ക്കുള്ളില്‍ പതിനായിരത്തിലേറെ പേര്‍ക്ക് ചികിത്സാനുകൂല്യം ലഭിക്കാതെ ആശുപത്രി വിടേണ്ടിവന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിഷയം ഇന്‍ഷുറന്‍സ് കമ്പനിമേധാവികളുമായി ചര്‍ച്ച ചെയ്തതായും 48 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുലഭിച്ചതായും ധനവകുപ്പ് അധികൃതര്‍ പറഞ്ഞു.

ആദ്യഘട്ടത്തെക്കാള്‍ കൂടുതല്‍ ചികിത്സയും ആനുകൂല്യങ്ങളും രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്, വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിലുള്ള സാങ്കേതികതടസ്സമാണ് പ്രശ്‌നത്തിനു കാരണമെന്നാണ് ഔദ്യോഗികവിശദീകരണം. മെഡിസെപ് ഇന്‍ഷുറന്‍സ് വെബ്പോര്‍ട്ടല്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിനിടെ 14 മുതല്‍ 18 വരെ സാങ്കേതികതടസ്സം നേരിട്ടതായും അധികൃതര്‍ പറഞ്ഞു.

നിലവില്‍ ഏകദേശം 2917 ക്ലെയിമുകള്‍ക്ക് ആദ്യഘട്ട അംഗീകാരവും 5367 ക്ലെയിമുകള്‍ക്ക് അന്തിമഘട്ട അംഗീകാരവും നല്‍കാനുണ്ട്. ഏതെങ്കിലും ഗുണഭോക്താവിന് പണരഹിത ചികിത്സ ലഭ്യമായിട്ടില്ലെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും ധനവകുപ്പ് അധികൃതര്‍ പറഞ്ഞു. മെഡിസെപ് പദ്ധതി വെന്റിലേറ്ററാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *