നിയമസഭാ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളുടെ വരവ്-ചെലവു കണക്കുകള്‍ കൃത്യവും സുതാര്യവുമായി സൂക്ഷിക്കുന്നതിനായുള്ള പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിശീലനത്തില്‍ വിവിധ സ്ഥാനാര്‍ത്ഥികളുടെ ചീഫ് ഇലക്ഷന്‍ ഏജന്റുമാർ പങ്കെടുത്തു. മാസ്റ്റര്‍ ട്രെയിനര്‍ ഉമറലി പാറച്ചോടന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലനത്തില്‍ തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണം, കണക്കുകളുടെ ക്രമബദ്ധമായ രേഖപ്പെടുത്തല്‍, സമര്‍പ്പണ നടപടികള്‍ എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നൽകി.

ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി 40 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാനാവുക. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ച് ഈ പരിധിക്കുള്ളില്‍ ചെലവുകള്‍ ക്രമീകരിക്കണം. ഇലക്ഷന്‍ കാലയളവില്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ സ്ഥാനാര്‍ത്ഥികള്‍ തയ്യാറാക്കുന്ന ചെലവുകണക്കുകള്‍ ജില്ലാ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ കണക്കുകളുമായി പരിശോധിച്ച് സ്ഥിരീകരിക്കണം. ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം 30 ദിവസത്തിനകം അന്തിമ കണക്കുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ഇതിനകം ആരംഭിച്ച പ്രത്യേക ബാങ്ക് അക്കൗണ്ട് മുഖേന മാത്രമാണ് എല്ലാ സാമ്പത്തിക ഇടപാടുകളും നടത്തേണ്ടത്. റിട്ടേണിംഗ് ഓഫീസര്‍മാര്‍ നല്‍കിയ രജിസ്റ്ററുകളില്‍ ദിനംപ്രതിയുള്ള വരവ്-ചെലവ്, കാഷ് ഇടപാടുകള്‍, ബാങ്ക് ഇടപാടുകള്‍ എന്നിവ വ്യത്യസ്തമായി രേഖപ്പെടുത്തണം. ബാങ്ക് ഇടപാടുകളുടെ സംഗ്രഹം തയ്യാറാക്കുന്നതിനുള്ള ഫോമുകളും വിതരണം ചെയ്തു.

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം, നിലവിലുള്ള കേസുകള്‍, ശിക്ഷാനടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ നാമനിര്‍ദ്ദേശം നല്‍കിയതിന് ശേഷം പോളിംഗ് ദിനം വരെ കുറഞ്ഞത് മൂന്ന് തവണ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നിര്‍ബന്ധമായും.പ്രസിദ്ധീകരിക്കണം. ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ ആര്‍. സാബു പരിശീലനത്തിൽ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *